പരീക്ഷയിലില്ല; പക്ഷേ, വീട്ടിൽ ഏട്ടനും അച്ഛനും അമ്മയുമായ മകന് ഫുൾ എ പ്ലസാണ്

വഴിമരങ്ങൾ
#അജിഷ ഹരിദാസ്
അജിഷയും മകനും
അജിഷയും മകനും

ങ്ങനെ പത്തിന്റെ ഫലം വന്നു. ഫുൾ പാസിന്റെയും ഫുൾ എ പ്ലസിന്റെയും ആഘോഷമാണ് എങ്ങും. എന്റെ മകൻ അനന്തുവുമുണ്ടായിരുന്നു എഴുതാൻ. ആരൊക്കെയോ അവന് ഫുൾ എ പ്ലസ് പ്രതീക്ഷിച്ചിരുന്നത്രെ. പക്ഷേ, അവന്റെ അച്ഛനും അമ്മയ്ക്കു ഉറപ്പുണ്ടായിരുന്നു. ആ ഫുള്ളിൽ അവനുണ്ടാവില്ല. സംഗതി തെറ്റിയില്ല. ഞങ്ങളുടെ കണക്കുകൂട്ടൽ  അസ്ഥാനത്തായില്ല. അവന് കിട്ടിയത് 88 ശതമാനം മാർക്ക്. ഞങ്ങൾക്ക് പക്ഷേ, അതിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
     
അവൻ പത്തു മിനിറ്റ് തുടർച്ചയായി ഇരുന്ന് പഠിക്കുന്നത് കണ്ട ഓർമയേയില്ല. പഠിക്കുന്നതിനിടയിൽ എഴുന്നേറ്റ് ഒന്ന് റോന്ത് ചുറ്റി മടങ്ങിവരും. അതും, അവന് പോലും എന്തിനെന്ന് അറിയാത്ത കാര്യങ്ങൾക്കാവും. കുറച്ച് കഴിഞ്ഞാൽ  അടുത്ത  റൗണ്ട്സ്. ഒരു പത്താം ക്ലാസ്സുകാരന്റെ ഗൗരവം ഒരിക്കലും അവന്റെ പഠനത്തിൽ കണ്ടിട്ടില്ല.

കുറച്ചു ബുദ്ധിമുട്ടും കഷ്ടപ്പാടുമൊക്കെയുണ്ടെങ്കിലേ പഠിക്കാനുള്ള ആവേശമുണ്ടാവുകയുള്ളൂ. ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടണമെന്നും ഞാൻ രക്ഷപ്പെട്ടാൽ മാത്രമേ എന്റെ കുടുംബം രക്ഷപ്പെടുകയുള്ളൂ എന്നൊക്കെ തോന്നിയാൽ ഇടയ്ക്കിങ്ങനെ പുസ്തകത്തിന്റെ മുന്നിൽ നിന്ന് എഴുന്നേറ്റ് പോകാൻ തോന്നില്ല. പത്താം ക്ലാസ്സ്‌ എന്നല്ല ഒരു പഠനത്തെയും നിസാരമായി കാണാനും കഴിയില്ല. ഇതൊക്കെയായിരുന്നു എന്റെ തോന്നൽ. വെറും തോന്നലല്ല. അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ച പാഠമാണത്.
          
ഭാഗ്യവശാൽ നമ്മുടെ കുട്ടികൾക്ക്, നമ്മളോ നമ്മുടെ അച്ഛനും അമ്മയും അനുഭവിച്ച പോലുള്ള കഷ്ടപ്പാടുകളോ സൗകര്യക്കുറവോ ഇല്ല. അവർ മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കളുടെ കൂടെയാണ് ജീവിക്കുന്നത്. ഏത് ആവശ്യവും പറഞ്ഞു തീരുന്നതിനു മുമ്പ് നടത്തിക്കൊടുക്കുന്നവരുടെ മക്കളാണവർ. അതുകൊണ്ടുതന്നെ ഏതു കാര്യത്തിലായാലും അത്രയൊക്കെ ഗൗരവമേ അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ.
                  
ഏറ്റവും സന്തോഷം തോന്നിയ കാര്യം, റിസൾട്ട്‌ വരുന്നതൊന്നും ഇവിടുത്തെ ആശാന് ഒരു വിഷയമേയല്ല എന്നതാണ്. ടെൻഷൻ എന്നൊന്ന് ഇല്ലേയില്ല അവന്റെ അജണ്ടയിൽ. "ഇന്ന് റിസൾട്ട്‌ വരും. നിനക്ക് ടെൻഷനൊന്നുമില്ലേ" എന്ന് ചോദിച്ചപ്പോൾ "അമ്മയ്ക്കും അച്ഛനും ഇല്ലാത്ത ടെൻഷൻ എനിക്ക് ഉണ്ടാകുമോ" എന്നാണ് തിരിച്ചു ചോദിച്ചത്. ഞങ്ങൾ ഒരിക്കലും മകൻ പത്താം ക്ലാസ്സ്‌  ആണെന്ന് കരുതി ടെൻഷനടിച്ചിട്ടില്ല. സാധാരണ പോലെ ഈ വർഷവും അവധി കിട്ടിയ സമയം മുഴുവൻ  കറങ്ങാൻ പോയി, വയനാട്ടിലും ചെന്നൈയിലും, ബെംഗളൂരുവിലും... ഇറങ്ങുന്ന ഒരു വിധം സിനിമകൾ എല്ലാം തീയേറ്ററിൽ പോയി കണ്ടു. പാർക്കിൽ പോയി, ബീച്ചിൽ പോയി, കല്യാണങ്ങൾക്ക് പോയി. എസ്. എസ്. എൽ.സി പരീക്ഷ എന്ന ഒരു കാര്യം മുന്നിൽ നിർത്തി ഒന്നും മാറ്റിവച്ചിട്ടില്ല. അവനാണെങ്കിൽ ആഘോഷങ്ങൾ ഒന്നുപോലും ഒഴിവാക്കിയിട്ടില്ല. പരീക്ഷയുടെ തലേദിവസം അർധരാത്രി വരെ തൊട്ടടുത്ത അമ്പലത്തിൽ ഉത്സവം കൂടാൻ പോയി.
                  
ഫുൾ എ പ്ലസ് കിട്ടിയില്ലെന്നു പറഞ്ഞ് ഇനി അവനെ  ഒന്നും പറയാൻ നിൽക്കേണ്ട, അത്രയൊക്കെ മാർക്കില്ലേ. അത് തന്നെ ധാരാളം "എന്ന് വയനാട്ടിൽ നിന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞു. അതിനേക്കാൾ വാങ്ങാനുള്ള ബുദ്ധി ഉണ്ടായിട്ടും പരിശ്രമിക്കാത്തത് കൊണ്ടാണ്. അല്ലെങ്കിൽ നല്ല മാർക്ക്‌ ഉണ്ടാകുമായിരുന്നു എന്നൊക്കെ അമ്മയോട്  പറഞ്ഞുവെങ്കിലും അവനെ ഒരിക്കൽ പോലും ഞാൻ വഴക്ക് പറഞ്ഞില്ല.          

Content Highlights: ajisha haridas column on son sslc result

Continue reading