കാരുണ്യത്തിന്റെ ആൾരൂപങ്ങളായി പാലിയേറ്റീവ് പ്രവർത്തകർ

കാരശ്ശേരി: മനുഷ്യസമൂഹത്തിൽ ജീവകാരുണ്യത്തിന്റെ അത്യുദാത്തവും അതുല്യവുമായ മാതൃകകളിൽ ഒന്നാണ് പാലിയേറ്റീവ് പരിചരണം. ഇന്നത്തെ കാലത്ത് മാത്രമല്ല, എല്ലാകാലത്തും മനുഷ്യൻ നേരിടുന്ന ഏറ്റവുംവലിയ സങ്കടങ്ങൾക്കുപിന്നിൽ വാർധക്യസഹജമായ അസുഖങ്ങൾ, അപകടങ്ങൾ മൂലമുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ, മാരകരോഗങ്ങൾമൂലം രോഗശയ്യയിൽ അകപ്പെട്ടുകിടക്കേണ്ടിവരുന്ന അവസ്ഥ എന്നിവയാണുള്ളത്. ഇത്തരം ദുരിതക്കടലിൽ വേദനയും നിരാശയും അനുഭവിക്കുന്ന മനുഷ്യർക്ക് കടുത്ത വേനലിൽ പെയ്യുന്ന മഴപോലെയും ആശ്വാസത്തിന്റെ ഇളംകാറ്റായും കണ്ണുനീർ തുടയ്ക്കാനുള്ള കരസ്പർശമായും എത്തുന്ന പാലിയേറ്റീവ് പരിചാരകർ വലിയൊരു അനുഗ്രഹമാണ്. അവർ നിർവഹിക്കുന്ന സേവനങ്ങളുടെ മഹത്ത്വം അളവറ്റതാണ്.
പാലിയേറ്റീവ് കൂട്ടായ്മകൾ ഇല്ലാത്ത കാലത്തോ, അത്തരം സംവിധാനങ്ങൾ ഇല്ലാത്ത നാടുകളിലോ കിടപ്പുരോഗികൾ അനുഭവിക്കുന്ന നരകയാതനകൾ വാക്കുകൾകൊണ്ട് വിവരിക്കാനാവാത്തത്ര തീവ്രമാണ്. പരിചരിക്കാൻ ആളില്ലാത്തതുകൊണ്ടോ, പരിചരിച്ച് മടുത്തതുകൊണ്ടോ, മരുന്നും ഭക്ഷണവും ചികിത്സയും ലഭിക്കാത്തതുകൊണ്ടോ, ഒന്ന് തിരിഞ്ഞുനോക്കാൻ പോലും ആരുമില്ലാതെ നിരാശയും വേദനയും അസഹ്യമായി ആത്മഹത്യയിൽ അഭയംതേടുന്ന കുടുംബങ്ങൾ പോലുമുണ്ടാകാറുണ്ട്.
മാത്രമല്ല, ഉറ്റവരുടെ ഇത്തരം ദുരിതങ്ങൾ മാറ്റാൻ ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വരുമ്പോൾ മനുഷ്യൻ സമനില തെറ്റി മോഷണവും കൊലപാതകവും പോലുള്ള കുറ്റകൃത്യങ്ങളിലേക്കുപോലും തള്ളിവിടപ്പെടുന്ന സാഹചര്യങ്ങളുണ്ടാകുന്നു. ഇത്തരം ദുരന്തങ്ങളും അത്യാഹിതങ്ങളും ഒഴിവാകുന്നതിന് ഇന്ന് പ്രധാന കാരണമായിരിക്കുന്നത് ജീവകാരുണ്യപ്രവർത്തകരായ പാലിയേറ്റീവ് വൊളന്റിയർമാരും മറ്റ് സന്നദ്ധ കൂട്ടായ്മകളുമാണ്.
കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി
ഈ രംഗത്ത് മലയോരമേഖലയിൽ നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പ്രസ്ഥാനങ്ങളിൽ ഒന്നാണ് കാരശ്ശേരിയിലെ ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി. 20 വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന ഈ സൊസൈറ്റിക്കുകീഴിൽ 430-ഓളം കിടപ്പുരോഗികളെയാണ് പരിചരിച്ചുവരുന്നത്. ഇതോടൊപ്പം പഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങളുമുണ്ട്. നാട്ടിലെ എല്ലാവിഭാഗം ആളുകളും മനസ്സറിഞ്ഞ് നൽകുന്ന സഹായസഹകരണങ്ങളാണ് സൊസൈറ്റിയുടെ കരുത്ത്. പ്രതിമാസം ഏതാണ്ട് നാലുലക്ഷത്തോളം രൂപയാണ് രോഗീപരിചരണത്തിന് ചെലവ് വരുന്നത്.
അടിസ്ഥാനതലത്തിൽ എല്ലാരോഗികൾക്കും പരമാവധി സേവനം കൃത്യമായി എത്തിക്കുന്നതിനായി എല്ലാ വാർഡുകളിലും ക്ലസ്റ്റർ സംവിധാനങ്ങൾ രൂപവത്കരിച്ചാണ് പ്രവർത്തിക്കുന്നത്. ഓരോ വാർഡിലെയും സന്നദ്ധപ്രവർത്തകരെയും കുടുംബങ്ങളെയും കൂട്ടിയിണക്കി രൂപവത്കരിച്ചിരിക്കുന്ന ഈ ക്ലസ്റ്ററുകൾ സേവനങ്ങൾക്ക് നേതൃത്വം നൽകുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നു. ഈ ക്ലസ്റ്റർ സംവിധാനങ്ങളുടെ സജീവ സഹകരണത്തോടെയാണ് ഇന്ന് സൊസൈറ്റി മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതും പുതിയ ആസ്ഥാനമന്ദിരം നിർമിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും.
രണ്ടുവാഹനങ്ങളിലായി വോളന്റിയർമാർ, പാലിയേറ്റീവ് പ്രവർത്തകർ, നഴ്സുമാർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘം വീടുകളിൽ നേരിട്ടെത്തി ആവശ്യമായ സേവനങ്ങൾ നൽകുന്നു. മുറിവുകൾ വൃത്തിയാക്കി ഡ്രസ്സിങ് ചെയ്യുക, കുത്തിവെപ്പുകൾ, ട്യൂബുകൾ മാറ്റിനൽകുക, മരുന്ന് നൽകുക, കുളിപ്പിക്കുക തുടങ്ങിയ എല്ലാ പരിചരണങ്ങളും ഇവർ ചെയ്തുവരുന്നു. കൂടാതെ, ഡയാലിസിസ് രോഗികൾക്ക് മരുന്നുകിറ്റ് വിതരണം, സാമ്പത്തികപ്രതിസന്ധിയിലും പട്ടിണിയിലും വലയുന്ന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ, വീൽച്ചെയറുകൾ, എയർ ബെഡുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ തുടങ്ങിയ സഹായ ഉപകരണങ്ങൾ ആവശ്യാനുസരണം വീടുകളിൽ എത്തിക്കൽ എന്നിവയും സജീവമാണ്.
ഭിന്നശേഷിക്കാർക്ക് ഡേ കെയർ പരിശീലനം, രോഗികൾക്കും കുടുംബാംഗങ്ങൾക്കും മാനസികമായ ഊർജവും തണലും പകരാൻ ബോധവത്കരണ ക്ലാസുകൾ, രോഗി-കുടുംബ സംഗമങ്ങൾ, ഉല്ലാസയാത്രകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മാനസികമായും വൈകാരികമായും അവർക്ക് പരമാവധി ആശ്വാസവും സമാധാനവും പകരുകയാണ് ലക്ഷ്യം. 300-ഓളം വോളന്റിയർമാരിൽ 100 പേർ സ്ഥിരമായി സജീവമായി രംഗത്തുണ്ട്. കെ.കെ. ആലിഹസൻ ചെയർമാനായും എം.ടി. സെയ്ദ് ഫസൽ ജനറൽ കൺവീനറായും പ്രവർത്തിക്കുന്ന വിപുലമായ സംഘാടകസമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മനുഷ്യവംശം ഉള്ളിടത്തോളംകാലം വാർധക്യസഹജമായ അസുഖങ്ങളും അപകടങ്ങളും രോഗങ്ങളും നിലനിൽക്കുമെന്നതിനാൽ പാലിയേറ്റീവ് പരിചരണത്തിന്റെ പ്രസക്തി എന്നും വലുതാണ്. കൂടുതൽ മെച്ചപ്പെട്ടരീതിയിൽ സേവനങ്ങൾ നവീകരിച്ച് എല്ലാകാലത്തെക്കുമായി നിലനിർത്തുന്നതിനും എല്ലാവരിലേക്കും എത്തിക്കുന്നതിനുമായി സൗകര്യങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി സ്വന്തമായി വിപുലമായ സൗകര്യങ്ങളോടുകൂടിയ ആസ്ഥാനം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്. ഇതിനായി 20 സെന്റ് സ്ഥലം വാങ്ങി അതിന്റെ തുക നൽകാനുള്ള വലിയ പരിശ്രമങ്ങൾ നടന്നുവരുകയാണ്. തുടർന്ന്, സ്ഥലം രജിസ്റ്റർ ചെയ്ത് ആസ്ഥാനമന്ദിരം യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമത്തിലുമാണ് സൊസൈറ്റിയും നാട്ടുകാരും.
കൊടിയത്തൂരിലും മുക്കത്തും വിപുലമായ സാന്ത്വനവഴികൾ
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലും മുക്കം മുനിസിപ്പാലിറ്റിയിലും മറ്റ് സമീപ പഞ്ചായത്തുകളിലും ഇതേപോലെ വിപുലമായ പാലിയേറ്റീവ് സേവനങ്ങൾ നടന്നുവരുന്നുണ്ട്. കൊടിയത്തൂർ പഞ്ചായത്തിൽ പഞ്ചായത്തിന്റെ പാലിയേറ്റീവ് യൂണിറ്റുമായി സഹകരിച്ചാണ് ജനകീയ കൂട്ടായ്മയായ കൊടിയത്തൂർ പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ഏകദേശം ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച ആസ്ഥാനമന്ദിരം ഇവിടെയുണ്ട്. ഡേ കെയർ, ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ സജ്ജമാണ്. പഞ്ചായത്തിലെ രോഗീപരിചരണം ഏകോപിപ്പിക്കുന്നതും ഈ ആസ്ഥാനം കേന്ദ്രീകരിച്ചാണ്. വിപുലമായ വൊളന്റിയർമാരും പ്രവർത്തകരും ചേർന്ന് ഹോം കെയർ, പരിചരണങ്ങൾ, ഉല്ലാസയാത്രകൾ, രോഗി-കുടുംബ സംഗമങ്ങൾ തുടങ്ങിയ എല്ലാ സേവനങ്ങളും വർഷങ്ങളായി കൊടിയത്തൂരിൽ നിർവഹിച്ചുവരുന്നു. എം. അബ്ദുറഹ്മാൻ ചെയർമാനും പി.എം. അബ്ദുൽ നാസർ ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത് .
കൂടാതെ, കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷ പാലിയേറ്റീവ് സൊസൈറ്റി മേഖല-പ്രാദേശിക കമ്മിറ്റികൾ രൂപവത്കരിച്ച് പരമാവധി രോഗികൾക്ക് സേവനം എത്തിക്കുന്നതിൽ സജീവമായി രംഗത്തുണ്ട്. ഷബീർ ചെറുവാടിയാണ് മേഖലാ ചെയർമാൻ.
മലയോരമേഖലയിൽത്തന്നെ ഏറ്റവും ആദ്യം പാലിയേറ്റീവ് പ്രവർത്തനം സജീവമായി വിപുലീകരിച്ച് ആരംഭിച്ചത് ഗ്രേസ് പാലിയേറ്റീവ് സൊസൈറ്റിയാണ്. മുക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേസ് പാലിയേറ്റീവ് സൊസൈറ്റിക്ക് മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം വിപുലമായ ആസ്ഥാനമന്ദിരവുമുണ്ട്. ഡേ കെയർ, ഫിസിയോതെറാപ്പി, മരുന്നുവിതരണം, സഹായ ഉപകരണങ്ങളുടെ വിതരണം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. മുക്കം മുനിസിപ്പാലിറ്റിയിലും കാരശ്ശേരി, കൊടിയത്തൂർ, ചാത്തമംഗലം, ഓമശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലും ആദ്യകാലത്ത് ഗ്രേസ് പാലിയേറ്റീവ് സൊസൈറ്റിയാണ് പ്രവർത്തിച്ചുവന്നിരുന്നത്. രോഗികളുടെ എണ്ണം വളരെയധികം വർധിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക പാലിയേറ്റീവ് യൂണിറ്റുകൾ രൂപവത്കരിക്കേണ്ടിവന്നത്. മുക്കം മുനിസിപ്പാലിറ്റിയിലാണ് ഗ്രേസ് പാലിയേറ്റീവ് സൊസൈറ്റി ഇപ്പോൾ വിപുലമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സാധാരണക്കാരായ ആളുകളാണ്. സ്വന്തം കാര്യങ്ങളെല്ലാം മാറ്റിവെച്ച് കിടപ്പുരോഗികളുടെ സങ്കടങ്ങൾ അകറ്റാനും കണ്ണുനീർ തുടയ്ക്കാനും കൈത്താങ്ങാകാനും ഇവർ ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണ്. ഇവർ നൽകുന്ന നിസ്സ്വാർഥ സേവനങ്ങളാണ് ഈ പ്രസ്ഥാനങ്ങളുടെ ജീവനാഡി.
രോഗപ്രതിരോധവും ബോധവത്കരണവും
കിടപ്പുരോഗികളുടെ എണ്ണം വർധിക്കുന്നത് തടയുകയും കുറയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമായി വന്നിട്ടുണ്ട്. ക്രമാതീതമായി രോഗികളുടെ എണ്ണം വർധിച്ചാൽ പരിചരിക്കാനുള്ള ആളുകളും ആവശ്യമായ പണവും തികയാതെ വന്നേക്കാം. വാർധക്യസഹജമായ അസുഖങ്ങളാണെങ്കിലും ശരിയായ ബോധവത്കരണത്തിലൂടെ ഭക്ഷണരീതികളിലും വ്യായാമങ്ങളിലും ശ്രദ്ധിച്ച് ആരോഗ്യമുള്ള ശരീരവും മനസ്സും കാത്തുസൂക്ഷിക്കാൻ കഴിയും എന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഇത് വയോജനങ്ങൾക്ക് പകർന്നുനൽകാനുള്ള തീവ്രയത്നപരിപാടികൾ ഓരോ പഞ്ചായത്തിലും വാർഡുതലത്തിലും സർക്കാരും റെസിഡെൻസ് അസോസിയേഷനുകളും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം വർധിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം ഇന്നത്തെ ഭക്ഷണസംസ്കാരമാണ്. മാരകരോഗങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്ന ജങ്ക് ഫുഡുകൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ആവശ്യത്തിലധികം വാങ്ങി അസമയത്ത് കഴിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്.
പല ഭക്ഷണസ്ഥാപനങ്ങളിലും ആവർത്തിച്ച് ഉപയോഗിക്കുന്ന എണ്ണ, വീണ്ടും ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ, കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേർത്ത ഭക്ഷണപദാർഥങ്ങൾ, നിലവാരമില്ലാത്തതും കൃത്രിമവുമായ ഓയിലുകൾ, ഫാസ്റ്റ് ഫുഡുകൾ, രാസവസ്തുക്കൾ അടങ്ങിയ പാനീയങ്ങൾ, ബേക്കറിപലഹാരങ്ങൾ എന്നിവ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന രീതി വ്യാപകമാണ്. ഇത്തരം അനാരോഗ്യകരമായ ഭക്ഷണരീതികളിൽനിന്ന് മനുഷ്യരെ പിന്തിരിപ്പിച്ച് ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം ശീലമാക്കാൻ വിപുലമായ പ്രചാരണങ്ങളും ബോധവത്കരണങ്ങളും നടത്തി രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതുണ്ട്.
കിടപ്പുരോഗികളെ സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന കാരണം വാഹനാപകടങ്ങളാണ്. മനുഷ്യൻ മനസ്സുവെച്ചാൽ അപകടങ്ങൾ വലിയൊരളവുവരെ കുറയ്ക്കാൻ സാധിക്കും. നിത്യേന ഉണ്ടാകുന്ന അപകടങ്ങൾ പരിശോധിച്ചാൽ അശ്രദ്ധയും ട്രാഫിക് നിയമലംഘനവും അതിവേഗവും ജാഗ്രതക്കുറവുമാണ് പ്രധാന കാരണങ്ങളെന്ന് കാണാം. സ്ത്രീ-പുരുഷ ഭേദമില്ലാതെയും പ്രായവ്യത്യാസമില്ലാതെയും നിരന്തരം അപകടങ്ങളിൽപ്പെട്ട് ആളുകൾ ഗുരുതരമായി പരിക്കേറ്റ് കിടപ്പാകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടങ്ങളിൽ മരണപ്പെടുന്നതിനെക്കാൾ എത്രയോ കൂടുതലാണ് കിടപ്പുരോഗികളായി മാറുന്നത് എന്നതും ഓർക്കേണ്ടതുണ്ട്.
Content Highlights: Palliative care societies in Karassery, Kodiyathur, and Mukkam provide vital support and healthcare services to hundreds of bedridden patients in Kerala.