കൃഷ്ണഗീതിയുടെ പിറവിക്ക് ചിലങ്കയണിഞ്ഞ് മേഘ്ന അരുൺ; ചരിത്രമണ്ണിൽ ‘കേളീലോലം’ അരങ്ങേറി

കോഴിക്കോട്: സാമൂതിരി മാനവേദൻ രാജാവ് 372 വർഷങ്ങൾക്കുമുൻപ് ‘കൃഷ്ണഗീതി’ രചിച്ചപ്പോൾ അനുഭവിച്ച ഭക്തിയും മനോവ്യാപാരങ്ങളും മോഹിനിയാട്ടത്തിന്റെ ലാസ്യഭാവങ്ങളിലേക്ക് ആവാഹിക്കപ്പെട്ടു. കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവകഥ പ്രമേയമാക്കി നർത്തകി മേഘ്ന അരുൺ അവതരിപ്പിച്ച ‘കേളീലോലം’ എന്ന നൃത്താവിഷ്കാരം കോഴിക്കോട്ടെ കലാപ്രേമികൾക്ക് വേറിട്ട അനുഭവമായിമാറി. മാനവേദൻ രാജാവ് സ്ഥാപിച്ച തളി ഗുരുവായൂരപ്പൻ ഹാൾതന്നെയായിരുന്നു ഈ ചരിത്രസമർപ്പണത്തിന് വേദിയായതും.
കൃഷ്ണഗീതി പിറവിയെടുത്ത നിമിഷങ്ങളെയാണ് സോപാനസംഗീത ശൈലിയിൽ മേഘ്ന അരുൺ നൃത്തമായി ചിട്ടപ്പെടുത്തിയത്. തിരുവണ്ണൂർ സ്വദേശികളായ മേഘ്നയും മാനവ് വർമയും തമ്മിലുള്ള സൗഹൃദസംഭാഷണത്തിൽനിന്നാണ് കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം മോഹിനിയാട്ടമാക്കുക എന്ന ആശയം ഉടലെടുക്കുന്നത്. മാനവ് വർമ എഴുതിയ കവിതയ്ക്ക് കോട്ടയ്ക്കൽ ജയൻ സംഗീതം പകർന്നു. മാനവേദന്റെ മണ്ണിൽനിന്ന് അദ്ദേഹത്തിന് ഇത് സമർപ്പിക്കണമെന്ന തന്റെ ആഗ്രഹമാണ് അരങ്ങിൽ ‘കേളീലോല’ത്തിൽ ചുവടുവെച്ചതോടെ സാധ്യമായതെന്ന് മേഘ്ന പറഞ്ഞു. ഡൽഹിയിൽ ജയപ്രഭ മേനോനുകീഴിലാണ് മോഹിനിയാട്ടം പരിശീലിച്ചതെങ്കിലും സ്വന്തമായി മോഹിനിയാട്ടത്തിൽ എന്തെങ്കിലും സംഭാവനചെയ്യണമെന്ന മോഹവും പൂവണിഞ്ഞു.
അഞ്ചാംവയസ്സിൽ നൃത്തലോകത്തെത്തിയ മേഘ്ന, കലാമണ്ഡലം വിനോദിനി, ആർ.എൽ.വി. ആനന്ദ്, ഡൽഹിയിലെ ജയപ്രഭ മേനോൻ എന്നിവരുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. സംസ്ഥാന സ്കൂൾ-സർവകലാശാലാ കലോത്സവങ്ങളിൽ കലാതിലകമായിരുന്ന മേഘ്ന, ദുബായ് എക്സ്പോ, മുംബൈ ദൂരദർശൻ നക്ഷത്ര ഫെസ്റ്റിവൽ, ശരത് ഉത്സവ് തുടങ്ങിയ പ്രമുഖ വേദികളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. നിലവിൽ മുംബൈയിൽ ‘ത്രയീ മോഹിനിയാട്ട അക്കാദമി’ക്ക് നേതൃത്വം നൽകുകയാണ് അവർ.
ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, ഏറാൾപ്പാട് പി.സി. ഏട്ടനുണ്ണിരാജ, ഡോ. സുധ കൃഷ്ണനുണ്ണി, രാജൻ കളരിക്കൽ എന്നിവർ ചേർന്നാണ് പരിപാടിയുടെ തിരിതെളിയിച്ചത്. കൃഷ്ണഗീതിയുടെ ഏതാനും സന്ദർഭങ്ങൾ കേളീലോലത്തിലുണ്ടെന്ന് കൈതപ്രം പറഞ്ഞു. സ്വാതിദാസ് (മൃദംഗം), നന്ദകുമാർ മാരാർ (ഇടയ്ക്ക), മുരളി നാരായണൻ (ഓടക്കുഴൽ), മുരളീകൃഷ്ണൻ (വീണ) എന്നിവർ പിന്നണിയിൽ ഭാവതീവ്രമായ സംഗീതമൊരുക്കി. മേഘ്നയുടെ മകൾ വേദിക അരുണിന്റെ നൃത്തവും ഉണ്ടായിരുന്നു.
Content Highlights: Dancer Meghna Arun presented Kelilolam, a Mohiniyattam performance celebrating the origin of Krishnagiti and Krishnanattam, at Tali Guruvayurappan Hall in Kozhikode.