തായാട്ട് ബാലന് ‘മഹാത്മ പുരസ്കാരം’ സമർപ്പിച്ചു

ബാലുശ്ശേരി : ഗാന്ധിജി നിർവഹിച്ച ഏറ്റവുംവലിയ ദൗത്യം ഇന്ത്യയിലെ ജനങ്ങളെ ഒരു ചരടിൽ കോർത്തിണക്കി സംഘർഷരഹിതമായും സൗഹാർദനിർഭരമായും ഒരുമിച്ചുകൊണ്ടുപോകാൻ നടത്തിയ പ്രവർത്തനമാണെന്നും അത്‌ ഇന്നും പ്രസക്തമാണെന്നും എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ ഗാന്ധിയനുമായ തായാട്ട് ബാലന് ബാപ്പുജി ട്രസ്റ്റ് മഹാത്മ പുരസ്കാര സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. തായാട്ട് ബാലന്റെ സമരപോരാട്ടങ്ങളുടെ ചരിത്രവും സമാധാനത്തിലധിഷ്ഠിതമായിരുന്നു. നാടുകണ്ട ഒരു സമരത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ പോയിട്ടില്ല -സമദാനി പറഞ്ഞു. ഗാന്ധി ശില്പവും പതിനായിരത്തൊന്ന് രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. വെസ്റ്റ്ഹിൽ അത്താണിക്കലിലെ തായാട്ട് ഭവനിൽ നടന്ന ചടങ്ങിൽ ബാപ്പുജി ട്രസ്റ്റ് ചെയർമാൻ വി.പി. വിനോദ് അധ്യക്ഷനായി. സാഹിത്യകാരൻ യു.കെ. കുമാരൻ, വാർഡ് കൗൺസിലർ ആഷിക, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ടി. ബാലകൃഷ്ണൻ, ടി.കെ.എ. അസീസ്, ടി.പി. ബാബുരാജ്, പി.കെ. മോഹനൻ, എൻ. പ്രഭാകരൻ, ശ്രീധരൻ പൊയിലിൽ, പ്രതാപൻ തായാട്ട്, ട്രസ്റ്റ് കൺവീനർ രാജൻ, രാജൻ കണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.