വെസ്റ്റ്ഹിൽ എസ്.ടി.പി.ക്കുനേരേ ജനകീയ പ്രതിഷേധം

കളക്ടറും മേയറും യോഗം ചേർന്ന ശേഷം മാത്രം തുടർനടപടി

കോഴിക്കോട് : വെസ്റ്റ്ഹില്ലിൽ അമൃത് പദ്ധതിയിലുൾപ്പെടുത്തി കോർപ്പറേഷൻ നിർമിക്കുന്ന മലിനജലസംസ്‌കരണപ്ലാന്റി(എസ്.ടി.പി.)നെതി​േര ശാന്തിനഗർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വ്യവസായ എസ്റ്റേറ്റിന് മുന്നിൽ പ്രതിഷേധം.

പ്രാഥമിക പണിക്കുള്ള സാധനങ്ങളെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. കളക്ടറും മേയറും ചേർന്ന് യോഗം നടത്തിയ ശേഷം തുടർനടപടികളിലേക്ക് കടന്നാൽ മതിയെന്നു തീരുമാനിച്ചപ്പോഴാണ് സമരം അവസാനിപ്പിച്ചത്.

യാതൊരുമാനദണ്ഡങ്ങളും പാലിക്കാതെയുള്ള പ്ലാന്റ് നിർമാണം അനുവദിക്കില്ലെന്നു പറഞ്ഞാണ് ജനങ്ങൾ ഒത്തുകൂടിയത്. നേര​േത്ത പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് എസ്.ടി.പി. വരുന്നത്. കോതി, ആവിക്കൽ ഭാഗത്ത് നടപ്പാക്കാനുദ്ദേശിച്ചിരുന്ന എസ്.ടി.പി. ജനകീയപ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കുകയും പിന്നീട് അത് വെസ്റ്റ്ഹില്ലിൽ നിർമിക്കാൻ തീരുമാനിക്കുകയും ചെയ്തു.

വ്യാഴാഴ്ച പ്രാഥമികപണിക്കായി സാധനങ്ങളെത്തിച്ചതായിരുന്നു. കൗൺസിലർ കെ. സരിതയും കൂട്ടായ്മയുടെ നേതാക്കളായ മുഹമ്മദ് ഷഫീഖ്, ടി.എം. മോണി, ആബിദ്, ഷംസുദ്ദീൻ തുടങ്ങിയവരെല്ലാം സ്ഥലത്തുണ്ടായി. പോലീസും എത്തി.

തുടർന്ന് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ കെ.എൻ. ബിജോയ്, തഹസിൽദാർ സി. ശ്രീകുമാർ എന്നിവരും സ്ഥലത്തെത്തി ചർച്ചനടത്തി. അതിനുശേഷമാണ് കളക്ടറും മേയറും ചേർന്ന് യോഗം വിളിക്കാനും അതുവരെ പണി നിർത്തിവെക്കാനും തീരുമാനിച്ചത്.