സ്വകാര്യബസ് പണിമുടക്ക് പിൻവലിച്ചു

പിൻവലിച്ചത് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കുശേഷം

വടകര : വടകരയിലെ ബസ് സ്റ്റാൻഡ് മാറ്റത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ബസ് തൊഴിലാളികൾ നടത്തിയ സ്വകാര്യബസ് പണിമുടക്ക് നാലാംദിവസം ഉച്ചയോടെ പിൻവലിച്ചു.

പ്രശ്നപരിഹാരത്തിന് വ്യാഴാഴ്ച കളക്ടറുടെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ നടന്ന ചർച്ചയ്ക്കുശേഷമാണ് സമരം അവസാനിച്ചത്. ഒക്ടോബർ 10 വരെ ലിങ്ക് റോഡിൽ നിന്നുതന്നെ സർവീസ് നടത്താൻ തീരുമാനമായി. വടകര-കൊയിലാണ്ടി, വടകര-പയ്യോളി-പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപ്പാലം റൂട്ടുകളിലെ ബസുകളിലെ തൊഴിലാളികളാണ് പണിമുടക്കിയത്.

നാഷണൽ ട്രാൻസ്പോട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്‌പാക്) ഉൾപ്പെടെയുള്ള കമ്മിറ്റി വടകരയിലെ ഗതാഗതപ്രശ്നം പഠിക്കും. വടകര ഡിവൈ.എസ്.പി. കൺവീനറായ കമ്മിറ്റി ഒക്ടോബറിൽ ഇതിന്റെ റിപ്പോർട്ട് നൽകും. ഇവ പരിശോധിച്ച്‌ കാര്യങ്ങൾ നിശ്ചയിക്കാനാണ് യോഗതീരുമാനം.

ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ ബസ് തൊഴിലാളികളും ഉന്നയിച്ചു. കൂടുതൽ ബസുകൾ നിർത്തിയിടാനുള്ള സൗകര്യം സ്റ്റാൻഡിൽ ഇല്ലെന്നും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഇവരുടെ ഭാഗത്തുനിന്ന്‌ ആവശ്യമുയർന്നു.

കളക്ടർ എം.എസ്. മാധവിക്കുട്ടി, എസ്.പി. മെറിൻ ജോസഫ്, എം.എൽ.എ.യുടെ പി.എ., വടകര ഡിവൈ.എസ്.പി., സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി., ജോയിന്റ് ആർ.ടി.ഒ., എൻ.എച്ച്.ഐ. പ്രതിനിധി, ട്രേഡ് യൂണിയൻ ഭാരവാഹികൾ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മിന്നൽപ്പണിമുടക്ക് നടത്തിയാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കും -കളക്ടർ

: വാട്സാപ്പ് ഗ്രൂപ്പുവഴി ആഹ്വാനംചെയ്ത് നടത്തുന്ന മിന്നൽപണിമുടക്കിനെ അനുകൂലിക്കാൻ സാധിക്കില്ല. ഇങ്ങനെ പണിമുടക്കിയാൽ ബസുകളുടെ പെർമിറ്റ് ഉൾപ്പെടെ റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും കളക്ടർ പറഞ്ഞു. മിന്നൽപണിമുടക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാകുന്നുണ്ട്. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കളക്ടർ പറഞ്ഞു.

മാത്രമല്ല, ഒക്ടോബർ പത്ത് ആകുമ്പോഴേക്കും വടകരയിലെ സർവീസ് റോഡുകളെല്ലാം ക്ലിയറാക്കാൻ ദേശീയപാത നിർമാണത്തിന്‌ കരാറേറ്റെടുത്ത കമ്പനിക്ക് നിർദേശവും നൽകി.