കൂരാച്ചുണ്ടിൽ കാട്ടാന വീണ്ടും കൃഷിനശിപ്പിച്ചു

കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ കാട്ടാനശല്യത്തിനും കാട്ടുപന്നി ഭീഷണിക്കും അറുതിയില്ല. ബുധനാഴ്ച രാത്രിയും കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലിറങ്ങി വ്യാപകനാശം വരുത്തി. മരോട്ടിക്കുഴി ജോയിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വാഴകളും കവുങ്ങുകളും നശിപ്പിച്ചു.
കഴിഞ്ഞ ഏതാനുംദിവസങ്ങളായി ഓട്ടപ്പാലം മേഖലയിലും പരിസരപ്രദേശങ്ങളിലും കാട്ടാനകൾ പതിവായി എത്തുന്നുണ്ട്. പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറിയാണ് ആനകൾ എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
മേഖലയിൽ വൻ കൃഷിനാശമാണ് ഉണ്ടാക്കുന്നത്. സോളാർ തൂക്കുവേലി യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
'വന്യമൃഗശല്യം ഉദ്ഘാടനവേദിയിൽ ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റ്'
കക്കയം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനച്ചടങ്ങിൽ സ്വാഗത പ്രസംഗത്തിനിടെ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
കേരള ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടകനായ ചടങ്ങിൽ, ദിനംപ്രതി വർധിച്ചുവരുന്ന കാട്ടാനശല്യം തടയാൻ അടിയന്തരമായി ഫെൻസിങ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രസിഡന്റ് ആവശ്യപ്പെട്ടത്.
സർക്കാർ മലയോര കർഷകർക്കൊപ്പമാണെന്നും ആവശ്യമായതെല്ലാം ചെയ്യാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.