മരണത്തിലും അവർ വേർപിരിഞ്ഞില്ല; കണ്ണീരണിഞ്ഞ് നാട്

ബാലുശ്ശേരി : ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിഞ്ഞില്ല. തലയാട് പടിക്കൽ വയലിലുണ്ടായ ബൈക്കപകടത്തിൽ രണ്ടു ചെറുപ്പക്കാരുടെ മരണം രണ്ടുനാടുകളെയാണ് കണ്ണീരിലാഴ്ത്തിയത്. പേരാമ്പ്ര മുതുകാട് സ്വദേശി ശ്രീരാഗ് (22) ഉണ്ണികുളം എകരൂൽ സ്വദേശി അജയ് (17) എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും എകരൂരിലെ അമ്പിളി ലൈറ്റ്സ് ആൻഡ് സൗണ്ട്സിലെ ജീവനക്കാരാണ്. അപകടത്തിൽ പരിക്കേറ്റ കൂടെയുണ്ടായിരുന്ന ആനന്ദ് (19) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ ഉണ്ടായ അപകടം നാടിനെ ഒന്നാകെ വിറങ്ങലിപ്പിച്ചു. രാത്രിയുണ്ടായ അപകടത്തിൽ പരിക്കേറ്റവർ ആരാണെന്ന് മനസ്സിലാവാത്തത് പ്രദേശത്തെ ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. കൂരാച്ചുണ്ടിൽ സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു മൂവരും. ഒരു ബൈക്കിലായിരുന്നു യാത്ര. അപകടത്തിനു തൊട്ടുമുൻപ് തലയാട് പെട്രോൾ പമ്പിൽക്കയറി പെട്രോൾ അടിക്കുന്ന ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുശേഷമാണ് പടിക്കൽവയൽ ഭാഗത്തുവെച്ച് മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിലും വീഴ്ചയിലും രണ്ടുജീവനുകൾ പൊലിഞ്ഞു.
പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുംശേഷം ശ്രീരാഗിന്റെ മൃതദേഹം പേരാമ്പ്ര മുതുകാട്ടെ വീട്ടിലെത്തിച്ചപ്പോൾ അമ്മയും സഹോദരങ്ങളുടെയും അലമുറയിട്ട് കരയുകയായിരുന്നു.
ശ്രീരാഗിന്റെ അമ്മ റീന പേരാമ്പ്രയിലെ ഹോട്ടൽ തൊഴിലാളിയാണ്.ലൈറ്റ്സ് ആൻഡ് സൗണ്ട് ജീവനക്കാരൻ ആയിരുന്ന ശ്രീരാഗിന്റെ വരുമാനം വാടക വീട്ടിൽ കഴിയുന്ന അമ്മ റീനയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു. എകരൂരിൽ ജോലിചെയ്തിരുന്ന ശ്രീരാഗ് അടുത്തുള്ള ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപകടത്തിൽ മരിച്ച അജയ്യുടെ മൃതദേഹം കരുവാറ്റക്കുന്നുമ്മലിലെ വീട്ടിലെത്തിച്ചപ്പോഴും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. കരഞ്ഞുതളർന്ന അമ്മയെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കുപോലും കഴിഞ്ഞില്ല.
കൂലിത്തൊഴിലാളിയായ അച്ഛൻ ഷിജുവിന് വലിയൊരു കൈത്താങ്ങായിരുന്നു അജയ്. അമ്മ ബിന്ദു, അനന്തു, അജന്യ എന്നിവർ സഹോദരങ്ങളാണ്. തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടന്നു.
വി. ടി. സൂരജ് എം.എൽ.എ., മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു. സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രീരാഗാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.