പൊട്ടിപ്പൊളിഞ്ഞ് തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം റോഡ്

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം റോഡ് തകർന്നു. അറ്റകുറ്റപ്പണി നടത്താൻ വൈകിയതോടെ ടാറിങ് പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
അങ്ങാടിയിൽനിന്ന് ഒരു കിലോമീറ്റർ അകലെ താഴെ തിരുവമ്പാടിയാണ് ആതുരാലയം. ഈയിടെ നവീകരിച്ച കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് കടന്നുപോകുന്ന താഴെ തിരുവമ്പാടി ജങ്ഷനിൽനിന്ന് ആശുപത്രിവരെ ഇരുന്നൂറുമീറ്ററോളം റോഡ് തകർന്നുകിടക്കുകയാണ്. ഈ ദുർഘടപാത കടന്നുവേണം ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് രോഗികളെയുമായി ആശുപത്രിയിലെത്താൻ. ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണിത്. റോഡ് ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞ പദ്ധതിവർഷത്തിൽ തുക വകയിരുത്തിയിരുന്നില്ല. കുടുംബാരോഗ്യകേന്ദ്രത്തിന് പുറമെ വാപ്പാട് പ്രദേശത്തെ അറുപതോളം കുടുംബങ്ങളും ആശ്രയിക്കുന്ന റോഡാണിത്. വാപ്പാട് ഭാഗത്തും പലയിടങ്ങളിലായി ടാറിങ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.
സുരക്ഷാവേലി ആവശ്യവും ശക്തം
റോഡിന് മുപ്പതുവർഷത്തിലേറെ പഴക്കമുണ്ട്. വയലിനോടുചേർന്ന് ഉയരത്തിൽ റോഡ് പണിതത് സുരക്ഷാവേലിയില്ലാതെയാണ്. വീതികുറഞ്ഞ റോഡിൽ അപകടം പതിയിരിക്കുന്നു.
താഴെ തിരുവമ്പാടി-ആശുപത്രി-വാപ്പാട്ട് റോഡിൽ നൂറുമീറ്ററോളം ദൂരത്തിലാണ് ഭീഷണി. വാഹനങ്ങൾ നിയന്ത്രണംവിടുന്നപക്ഷം ഇരുപതടിയോളം താഴ്ചയിൽ തോട്ടിലേക്കായിരിക്കും പതിക്കുക. വർഷകാലത്ത് വെള്ളത്തിനടിയിലാകുന്ന റോഡ് കൂടിയാണിത്. ഏറെ വളവും ചരിവുമുള്ള വീതി നന്നേ കുറഞ്ഞ റോഡായതിനാൽ അപകടസാധ്യത ഏറെയാണ്.
ഫണ്ട് ലഭ്യമല്ല, അടുത്തവർഷം ശ്രമിക്കും
തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം റോഡ് ഗതാഗതയോഗ്യമാക്കാനാവശ്യമായ ഫണ്ട് നിലവിൽ ലഭ്യമല്ല. അടുത്ത പദ്ധതിവർഷം ഫണ്ട് വകയിരുത്താൻ ശ്രമം നടത്തുന്നതാണ്. റോഡിന്റെ തോടിനോടുചേർന്ന ഭാഗത്ത് സുരക്ഷാവേലി പണിയാനും ആലോചനയുണ്ട്.
സ്മിതാ ബാബു,
തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് അംഗം