സി.എൻ.ജി. കേന്ദ്രം പൂട്ടണം; ജനകീയമാർച്ച് പോലീസ് തടഞ്ഞു

സർവകക്ഷിയോഗം വിളിക്കുമെന്ന് തഹസിൽദാരുടെ ഉറപ്പ്
അനിശ്ചിതകാല സത്യാഗ്രഹം തുടരും
ആയഞ്ചേരി : തറോപ്പൊയിലിൽ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന സി.എൻ.ജി. ക്ലീനിങ് സെന്റർ പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ഉപരോധവും പോലീസ് തടഞ്ഞു. കിളിയമ്മൽ കുഞ്ഞബ്ദുള്ള മാർച്ച് ഉദ്ഘാടനംചെയ്തു. സി.എൻ.ജി. കേന്ദ്രം ജനവാസമേഖലയിൽനിന്ന് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുല്ലത്തീഫ് കിനലിയോട്ട് അധ്യക്ഷതവഹിച്ചു. കൺവീനർ ഷഫീഖ് തറോപ്പൊയിൽ,
സോമൻ കരുവാണ്ടി, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ഷിജു വളാഞ്ഞി, മുത്തു തങ്ങൾ, എ.കെ. ലത്തീഫ്, കരീം പിലാക്കി, ഷിജിലാൽ, മുനീർ രാമത്ത്, ചോയി, കെ.കെ. മാധവൻ, കെ.എം.സി. തങ്ങൾ, ജാഫർ പുതിയോട്ടിൽ, മുഹമ്മദ് കിളിയമ്മൽ എന്നിവർ സംസാരിച്ചു.
പ്രതിഷേധം തുടരുന്നതിനിടെ വടകര തഹസിൽദാർ സമരവേദിയിലെത്തി. സമരസമിതി പ്രവർത്തകരുമായും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുമായും നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിനായി ഉടൻ സർവകക്ഷിയോഗം വിളിച്ചുചേർക്കുമെന്ന് തഹസിൽദാർ ഉറപ്പുനൽകി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധത്തിൽനിന്ന് സമരക്കാർ താത്കാലികമായി പിന്തിരിഞ്ഞു.
സി.എൻ.ജി. കേന്ദ്രത്തിനെതിരായ അനിശ്ചിതകാല സത്യാഗ്രഹസമരം തുടരുമെന്ന് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. ജനവാസമേഖലയിൽനിന്ന് കേന്ദ്രം മാറ്റുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി അറിയിച്ചു. തഹസിൽദാർ വിളിച്ചുചേർക്കുന്ന സർവകക്ഷിയോഗത്തിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ കേന്ദ്രത്തിലേക്ക് ശക്തമായ ജനകീയപ്രതിരോധം തീർക്കുമെന്നും ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ സുരക്ഷയ്ക്കും പ്രദേശത്തിന്റെ സമാധാനപരമായ ജീവിതാന്തരീക്ഷത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ-സാമൂഹിക സംഘടനകളും പൊതുജനങ്ങളും ഒപ്പംനിൽക്കണമെന്നും സമരസമിതി അഭ്യർഥിച്ചു.