എടച്ചേരിയിൽ തകർന്ന റോഡ് പുനർനിർമിച്ചു പുതിയ കൾവർട്ടിന് എസ്റ്റിമേറ്റ് സമർപ്പിച്ചു

എടച്ചേരി : എടച്ചേരി വേങ്ങോളിയിൽ കൾവർട്ട് പൈപ്പ് ഇളകിപ്പോയതിനാൽ തകർന്ന റോഡ് പുനർനിർമിച്ചു. ശക്തമായ മഴയിലുണ്ടായ നീരൊഴുക്കിൽ പൈപ്പ് ഇളകിപ്പോയതിനെത്തുടർന്ന് വൻഗർത്തം രൂപപ്പെട്ടതായിരുന്നു റോഡ് തകരാൻ കാരണം. വടകരയിലെ ഇൻലാൻഡ് നാവിഗേഷൻ വിഭാഗം എൻജിനിയറും ഊരാളുങ്കൽ സൊസൈറ്റിയിലെ ഉദ്യോഗസ്ഥനും സംഭവസ്ഥലം സന്ദർശിക്കുകയും ഇളകിപ്പോയ പൈപ്പ് പുനഃസ്ഥാപിച്ച് മേലെ മണ്ണിട്ടുമൂടി താത്കാലികമായി വാഹനഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടുദിവസമായി ഊരാളുങ്കൽ സൊസൈറ്റിയിലെ തൊഴിലാളികളെത്തി റോഡ് പൂർവസ്ഥിതിയിലാക്കുകയായിരുന്നു. ഇളകിപ്പോയ വലിയ കോൺക്രീറ്റ് പൈപ്പ് പുനഃസ്ഥാപിച്ച് മേലെ മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്താണ് ഇവിടെ രൂപപ്പെട്ട ഗർത്തം ഒഴിവാക്കിയത്. മഴക്കാലത്ത് ഇതുവഴി ശക്തമായ ഒഴുക്കുണ്ടാകുമെന്നതിൽ നിലവിലെ
പൈപ്പിന് പകരം സാധാരണയായി ഇത്തരം സ്ഥലങ്ങളിൽ കോൺക്രീറ്റിൽ നിർമിക്കുന്ന കൾവർട്ട് തന്നെ സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ നടപടികൾ ഇൻലാൻറ്് നാവിഗേഷൻ അധികൃതർ ആരംഭിച്ചു.
ഉദ്യോഗസ്ഥർ സ്ഥലംസന്ദർശിക്കുകയും പുതിയ കൾവർട്ട് നിർമിക്കാനാവശ്യമായ എസ്റ്റിമേറ്റ് സമർപ്പിക്കുകയും ചെയ്തു. സർക്കാരിൽനിന്ന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പുതിയ കൾവർട്ടിന്റെ ജോലി ആരംഭിക്കുമെന്ന് ഇൻലാൻറ്് നാവിഗേഷൻ വിഭാഗം വടകര മേഖലാ അസിസ്റ്റൻറ്് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
അഞ്ചുവർഷംവരെയുള്ള ബാധ്യതയിൽ കൾവർട്ട് സ്ഥാപിക്കുന്നതിനുള്ള കരാറായിരുന്നു നാവിഗേഷൻ ഡിപ്പാർട്ട്മെൻറ്് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത്. ഏകദേശം മൂന്നരവർഷത്തിനു മുൻപാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചത്.
കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപുതന്നെ പൈപ്പ് ഇളകിപ്പോയതിനാലാണ് ഊരാളുങ്കൽ സൊസൈറ്റിതന്നെ പൈപ്പ് പുനഃസ്ഥാപിച്ചത്. റോഡ് തകർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ആരുംതന്നെ ഇവിടെ സന്ദർശിച്ചില്ലെന്ന പരാതിയും നേരത്തേ ഉയർന്നിരുന്നു.