‘ഫറോക്ക് സ്റ്റേഷനിൽ വേണം കൂടുതൽ സ്റ്റോപ്പും സി.സി.ടി.വി.യും’

റെയിൽ ജൻസംവാദ് 6.0 പരിപാടിയിൽ യാത്രക്കാർ ഉന്നയിച്ചത് ഒട്ടേറെ ആവശ്യങ്ങൾ
രാമനാട്ടുകര : ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, മതിയായ സൗകര്യങ്ങളോടെ സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമിലും ശൗചാലയം നിർമിക്കുക, രണ്ടു പ്ലാറ്റ്ഫോമിലേക്കും ഒരു ഗോവണിപ്പടികൂടി സ്ഥാപിക്കുക, സ്റ്റേഷനിൽ കൂടുതൽ സി.സി.ടി.വി.കൾ സ്ഥാപിച്ച് സുരക്ഷ മെച്ചപ്പെടുത്തുക, രാത്രികളിൽ പിങ്ക്പോലീസിന്റെ പ്രത്യേകസുരക്ഷ ഏർപ്പെടുത്തുക...
ഫറോക്ക് സ്റ്റേഷനിൽ ഏർപ്പെടുത്തേണ്ട യാത്രാസൗകര്യങ്ങളെക്കുറിച്ച് യാത്രക്കാരോടുംമറ്റും അഭിപ്രായം ആരാഞ്ഞ അധികൃതർക്കുമുന്നിൽ ആവശ്യങ്ങളുടെ കൂമ്പാരമാണ് നിറഞ്ഞത്. വ്യാഴാഴ്ച റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ ഹബീബ് റഹ്മാന്റെ നേതൃത്വത്തിൽ ക്ലീൻ റെയിൽ, ക്ലീൻ ഇന്ത്യ എന്ന ടാഗ്ലൈനുമായി നടന്ന റെയിൽ ജൻസംവാദ് 6.0 പരിപാടിയുടെ ഭാഗമായാണ് അധികൃതർ റെയിൽവേ സേവനം മെച്ചപ്പെടുത്തുന്ന നിർദേശങ്ങൾക്കായി യാത്രക്കാർക്കിടയിലേക്ക് ഇറങ്ങിയത്. കോളേജ് വിദ്യാർഥികൾ, റെയിൽവേ പാസഞ്ചർ വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ, മറ്റുയാത്രക്കാർ എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്.
24 മണിക്കൂറും റെയിൽവേ സംരക്ഷണസേനയുടെ സേവനം ഉറപ്പാക്കണം, കോച്ചുകളുടെ ക്രമവും ട്രെയിനുകളുടെ സമയവിവരവുമറിയാൻ ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കുക, സ്റ്റേഷന്റെ രണ്ടാം പ്രവേശനകവാടത്തിൽ ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു മറ്റ് ആവശ്യങ്ങൾ. സ്റ്റേഷന്റെ പേര് കാലിക്കറ്റ് എയർപോർട്ട് സ്റ്റേഷൻ എന്നാക്കണമെന്ന് ഫറോക്ക് റെയിൽവേ വെൽഫെയർ സൊസൈറ്റി ആവശ്യപ്പെട്ടു. വിവിധ കോളേജുകളിൽനിന്നെത്തിയ എൻ.എസ്.എസ്. വിദ്യാർഥികൾ സ്റ്റേഷൻപരിസരം ശുചീകരിച്ചു.
ഫറോക്ക് സ്റ്റേഷൻ സൂപ്രണ്ട് മനോജ് കുമാർ, ചീഫ് കൊമേഴ്സ്യൽ മാനേജർ ഷൈനി, ഫറോക്ക് റെയിൽവേ വെൽഫെയർ സൊസൈറ്റി വർക്കിങ് ചെയർമാൻ രാമച്ചംകണ്ടി സുന്ദർരാജ്, ചെയർമാൻ കെ.എം. സുകുമാരൻ, ജനറൽ സെക്രട്ടറി ഗിരീഷ് പി. മേലേടത്ത് എന്നിവർ പങ്കെടുത്തു.