യുവത കാലത്തിന്റെ മുദ്രാവാക്യം ഏറ്റെടുക്കണം-കെ. പ്രവീൺകുമാർ

അരൂർ : ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം യുവതലമുറയടക്കം ഏറ്റെടുത്ത് തെരുവിലിറങ്ങി പോരാടുന്ന കാഴ്ചയാണ് രാജ്യം കാണുന്നതെന്നും ഇത്തരത്തിൽ കാലത്തിന്റെ മുദ്രാവാക്യം ഏറ്റെടുക്കാൻ യുവാക്കൾക്ക് സാധിക്കണമെന്നും കെ. പ്രവീൺകുമാർ എം.എൽ.എ. പറഞ്ഞു.

രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളിൽ വലിയ രീതിയിലുള്ള യുവജനപങ്കാളിത്തമാണ് കാണാൻ കഴിയുന്നതെന്നും തൊഴിലില്ലായ്മ സൃഷ്ടിച്ച കേന്ദ്രസർക്കാരിനുള്ള ശക്തമായ താക്കീതാണിതെന്നും രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം പഠനക്യാമ്പ് 'പരിവർത്തൻ 26' ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി.കെ. ബബിൻലാൽ അധ്യക്ഷതവഹിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ, കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ്‌ ആർ. ഷഹിൻ, വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ബവിത്ത് മലോൽ, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, എം.കെ. ഭാസ്‌കരൻ, പി. അജിത്ത്, വി.ടി. നിഹാൽ, സന്ദീപ് കല്ലുംപുറം, അരുൺ മൊയ്യോട്ട്, നജീബ് ചോയിക്കണ്ടി, സിദ്ധാർഥ്‌ നരിക്കൂട്ടുംചാൽ, ധനേഷ് വള്ളിൽ, ഷാഫി നടുക്കണ്ടി, സി.കെ. ഷാരിഷ് എന്നിവർ സംസാരിച്ചു.