പെരുമണ്ണയിൽ മലമ്പനി സ്ഥിരീകരിച്ചു

പ്രതിരോധപ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ്
പെരുമണ്ണ : പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ മലമ്പനി സ്ഥിരീകരിച്ചു. പാറക്കണ്ടം ജങ്‌ഷനിലുള്ള ക്വാർട്ടേഴ്‌സിൽ വാടകയ്‌ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളിയായ പത്തൊൻപതുകാരനാണ് മലമ്പനി സ്ഥീരികരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയ ഇദ്ദേഹം സ്വദേശമായ പശ്ചിമബംഗാളിലേക്ക് തിരിച്ചുപോയിട്ടുണ്ട്. ജോലി ആവശ്യാർഥം പാറക്കണ്ടം ജങ്‌ഷനിലുള്ള ക്വാർട്ടേഴ്‌സിൽ താമസിച്ചുവരുകയായിരുന്നു.മലമ്പനി സ്ഥീരികരിച്ച സാഹചര്യത്തിൽ ഗ്രാമപ്പഞ്ചായത്തിലുടനീളം ആരോഗ്യവകുപ്പധികൃതർ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. കോഴിക്കോട് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ടീം കൊതുകുനശീകരണ സ്‌പ്രേയിങ് നടത്തി.
കൊതുകുജന്യരോഗങ്ങൾ പകർത്തുന്ന രീതിയിൽ മാലിന്യം വലിച്ചെറിഞ്ഞ പാറക്കണ്ടത്തെ കടയിൽ പരിശോധന നടത്തി നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.അതിഥിത്തൊഴിലാളി സ്‌ക്രീനിങ് ക്യാമ്പ്, ശുചിത്വ പരിശോധന, രക്തപരിശോധനാ ക്യാമ്പ്, കൊതുകു നശീകരണ സ്‌പ്രേയിങ്, ഫീവർ സർവേ, ബോധവത്‌കരണം തുടങ്ങിയവ, പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. മലമ്പനി റിപ്പോർട്ട് ചെയ്‌ത പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ളവർ പനി വന്നാൽ ഉടൻതന്നെ ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.കൊതുകുജന്യരോഗങ്ങൾ പകരുന്ന രീതിയിൽ മാലിന്യം ശാസ്‌ത്രീയമായി സംസ്‌കരിക്കാതെ വലിച്ചെറിയുന്നവർക്കെതിരേ പഞ്ചായത്തീരാജ് ആക്ട്, പൊതുജനാരോഗ്യനിയമം എന്നിവ പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ, സെക്രട്ടറി ആർ. ജിഷിത്ത് എന്നിവർ അറിയിച്ചു.