സ്ഥലമുണ്ടോ..? ഉണ്ടി‘ല്ല’

കോഴിക്കോട്: സ്ഥലം ഇല്ലേയെന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ ആവശ്യത്തിന് സ്ഥലം ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ഇതാണിപ്പോൾ ബേപ്പൂർ തുറമുഖത്തിന്റെ സ്ഥിതി. കണ്ണായ സ്ഥലത്താണ് ബേപ്പൂർ തുറമുഖം. തുറമുഖ വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുത്തിട്ടുമുണ്ട്. പിന്നെ വികസനത്തിന് എന്താണ് തടസ്സമാകുന്നത്. കണ്ണായ സ്ഥലത്തിന്റെ ഹൃദയഭാഗം ഇപ്പോൾ പോർട്ടിന്റെ കൈയിലില്ല എന്നത് തന്നെയാണ് ഒരു പ്രശ്നം. തുറമുഖത്തിന്റെ കൈവശമുള്ള 3.3 ഏക്കർ സ്ഥലം തൊണ്ണൂറുകളിൽ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന് (സിൽക്ക്) പാട്ടത്തിന് കൊടുത്തിരുന്നു. ചെറിയ കപ്പലുകളും ബോട്ടുകളും ടഗുകളും മറ്റും പൊളിക്കുന്ന കപ്പൽ പൊളിശാല തുടങ്ങുന്നതിനാണ് സിൽക്കിന് ഭൂമി പാട്ടത്തിന് കൊടുത്തത്.
എന്നാൽ കുറച്ചുകാലത്തിനകം പരിസ്ഥിതി പ്രശ്നങ്ങളെത്തുടർന്ന് പ്രാദേശികമായ എതിർപ്പുയർന്നതോടെ അത് നിർത്തിവെക്കേണ്ടി വന്നു. പിന്നീട് ഈ സ്ഥലം സിൽക്ക്, ബോട്ടുകൾ ഉണ്ടാക്കുന്ന ഒരു കമ്പനിക്ക് ഉപകരാർ നൽകി. ഇപ്പോൾ ഒരു ബോട്ട് നിർമാണ ശാലയാണ് ഇവിടെ പ്രവർത്തിക്കുന്നത്. എന്നാൽ സിൽക്ക് ഇപ്പോൾ തുറമുഖത്തിന് പാട്ടക്കരാറും നൽകുന്നില്ല, സ്ഥലം തിരിച്ച് പോർട്ടിന് നൽകാൻ തയ്യാറാകുന്നുമില്ല. സിൽക്കിന് എന്താവശ്യത്തിനാണോ പാട്ടത്തിന് നൽകിയത് ആ പ്രവർത്തനം നടക്കാത്തതിനാലാണ് തിരിച്ച് നൽകാൻ ആവശ്യപ്പെട്ടത്. ഒടുവിൽ സ്ഥലം തിരിച്ചുനൽകാൻ ലാൻഡ് ട്രിബ്യൂണൽ ഉത്തവിട്ടിട്ടുപോലും കുലുക്കമില്ലാതെ പലകാരണങ്ങൾ പറഞ്ഞ് തുടരുകയാണ് സിൽക്ക്.
ഇതിനിടെ, തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി, ബേപ്പൂർ കോവിലകത്തിന്റെ കൈവശമുള്ള 2.7 ഏക്കർ സ്ഥലം പോർട്ട് വാങ്ങിയിരുന്നു. സിൽക്കിന്റെ കൈവശമുള്ള സ്ഥലം തിരിച്ചുകിട്ടാത്തതിനാൽ തന്നെ കോവിലകത്തിന്റെ സ്ഥലത്തും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. കാരണം കോവിലകം ഭൂമിയുടെയും പുഴയുടെയും ഇടയിലായാണ് സിൽക്കിന് നൽകിയ സ്ഥലം കിടക്കുന്നത്. ഇതുകൂടി കിട്ടിയാലേ കോവിലകം ഭൂമികൂടി ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ സാധ്യമാകൂ.
വേണ്ടത് വെള്ളത്തിന് അഭിമുഖമായ സ്ഥലം
തുറമുഖത്തിന്റെ മൊത്തമായ വികസനത്തിന് നിലവിലുള്ളതിനോട് ചേർന്ന് കിടക്കുന്നതും വെള്ളത്തോട് ചേർന്നതുമായ സ്ഥലം തന്നെ വേണം. കപ്പൽ പൊളിശാല പ്രവർത്തിക്കാനായിരുന്നെങ്കിൽത്തന്നെ ഇപ്പോൾ നൽകിയ ഭൂമിതന്നെ സിൽക്കിന് കൊടുക്കേണ്ട ആവശ്യമുണ്ടോയെന്ന് പുനഃപരിശോധിക്കേണ്ടതുണ്ട്. കാരണം കടലിൽക്കൂടി കൊണ്ടുവന്ന് പൊളിക്കേണ്ട വലിയ കപ്പലുകൾ ഉണ്ടെങ്കിൽ മാത്രമേ സിൽക്കിന് വെള്ളത്തോട് ചേർന്ന് കിടക്കുന്ന സ്ഥലം ആവശ്യമുള്ളൂ. ഇപ്പോൾ ഇവിടെയുണ്ടാക്കുന്നതാണെങ്കിൽ ബോട്ടാണ്. ബോട്ടുകൾ ഉണ്ടാക്കാൻ വേണ്ടിയുള്ള സാധനങ്ങൾ റോഡ് വഴിയാണ് കൊണ്ടുവരുന്നത്. ഉണ്ടാക്കിക്കഴിഞ്ഞ ബോട്ടുകൾ കൊണ്ടുപോകുന്നതും കണ്ടെയ്‌നർ ട്രക്കിലാണ്. അതിന് വെള്ളത്തിന് അഭിമുഖമായി കിടക്കുന്ന സ്ഥലംതന്നെ ആവശ്യമില്ല. ഇങ്ങനെയല്ലാത്ത സ്ഥലം തുറമുഖത്തിന്റെ കൈവശം ചാലിയം ഭാഗത്തും മറ്റും വേറെയുണ്ടുതാനും. ഇതിൽനിന്ന് കൊടുക്കാമെന്ന് പറഞ്ഞെങ്കിലും സിൽക്ക് തയ്യാറായില്ല. എങ്കിൽ നിലവിൽ പ്രവർത്തിക്കുന്ന 3.3 ഏക്കറിൽ, പ്രവർത്തനം ഒരേക്കറിലേക്ക് ചുരുക്കി ബാക്കി വരുന്ന 2.3 ഏക്കർ തുറമുഖത്തിന് തന്നെ കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും അതിലും സിൽക്കിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.
ഭൂമി തിരിച്ചെടുക്കാൻ ശ്രമം തുടരുന്നു
സിൽക്കിന്റെ കൈവശമുള്ള ഭൂമി തിരിച്ചെടുക്കാനായി പല തവണ കളക്ടർക്കും മറ്റ് ഉന്നതാധികാരികൾക്കും പോർട്ട് അധികൃതർ കത്ത് നൽകിയിരുന്നു. വിഷയം പല തവണ കളക്ടറുടെ മീറ്റിങ്ങുകളിലും ഉന്നയിച്ചു. ആറു മാസം മുൻപ് തുറമുഖം സന്ദർശിച്ച വ്യവസായവകുപ്പ് സെക്രട്ടറി മൊഹമ്മദ് ഹനീഷും തുറമുഖ സെക്രട്ടറി അബ്ദുൽ നാസറും ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുമുണ്ട്.