മരളൂർ-ഗോപാലപുരം സർവീസ് റോഡിന്റെ പ്രവൃത്തി തുടങ്ങി

പണിതീരുംവരെ സമരമെന്ന് നാട്ടുകാർ
കൊയിലാണ്ടി : നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ മരളൂർ മുതൽ ഗോപാലപുരംവരെ സർവീസ് റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് 180 ദിവസമായി നടക്കുന്ന അനിശ്ചിതകാല പന്തൽകെട്ടി സമരം വിജയത്തിലേക്ക്.
മരളൂരിൽ പനച്ചിക്കുന്ന് ഭാഗത്ത് സർവീസ്റോഡ് നിർമാണപ്രവൃത്തി തുടങ്ങി. കെ. പ്രവീൺകുമാർ എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തെ തുടർന്ന് കഴിഞ്ഞദിവസം എൻ.എച്ച്.എ.ഐ. എൻജിനിയർ വൈശാഖിന്റെ നേതൃത്വത്തിൽ കരാർകമ്പനി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്ഥലംസന്ദർശിച്ചിരുന്നു. തുടർന്നാണ് പ്രവൃത്തി തുടങ്ങിയത്. സമരത്തിന്റെ ഭാഗമായി കൊളത്തൂർ ഭാഗത്ത് മെയിൻ റീച്ചിൽ സമരസമിതി പ്രവർത്തകർ നിർമാണപ്രവൃത്തി തടഞ്ഞിരുന്നു.
പുതുക്കുടി റോഡ് സർവീസ്റോഡുമായി ബന്ധിപ്പിക്കാമെന്നും ബൈപ്പാസ് വന്നതിനെത്തുടർന്ന് മുറിഞ്ഞുപോയ വിവിധ പോക്കറ്റ്റോഡുകളുമായി സർവീസ്റോഡിനെ ബന്ധിപ്പിക്കുമെന്നും എൻ.എച്ച്.എ.ഐ. പ്രതിനിധികളും കരാർകമ്പനിയും അറിയിച്ചിരുന്നു. ബൈപ്പാസിൽ മിക്കയിടത്തും സർവീസ്റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കിയിട്ടും ഇവിടെ സർവീസ്റോഡ് നിർമാണത്തിന്റെ പ്രാഥമിക പ്രവൃത്തിപോലും നടന്നിട്ടില്ലായിരുന്നു.
സർവീസ് റോഡ് നിർമാണംപൂർത്തിയാവാത്തതിനാൽ ഇതുമായി ബന്ധിപ്പിക്കുന്ന ചെറുറോഡുകളുടെ അവസ്ഥ എന്താവുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ടായിരുന്നു. മരളൂർ മുതൽ ഗോപാലപുരംവരെ 800 മീറ്റർ ദൂരത്താണ് സർവീസ്റോഡ് ഇല്ലാതായത്.
സർവീസ് റോഡ് വരുന്നഭാഗത്ത് സിഗ്നലിനായി കുഴിയെടുത്തതോടെയാണ് സർവീസ്റോഡ് ഇല്ലെന്നകാര്യം നാട്ടുകാർ അറിയുന്നത്. ബൈപ്പാസ് വന്നതോടെ 45 വർഷം മുൻപ് നഗരസഭ നിർമിച്ച പനച്ചിക്കുന്ന് റോഡ് മുറിഞ്ഞുപോയി. ഒരു ഭാഗത്ത് റെയിൽപ്പാളവും മറു ഭാഗത്ത് ബൈപ്പാസും വന്നതോടെ 200-ഓളം കുടുംബങ്ങളുടെ വഴിയടഞ്ഞു. സമാന
അവസ്ഥയാണ് ഗോപാലപുരം നിവാസികൾക്കും. ഇതേത്തുടർന്നാണ് മരളൂരിലും ഗോപാലപുരത്തും നാട്ടുകാർ സർവീസ് റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്.
എം.പി., എം.എൽ.എ., നഗരസഭാധ്യക്ഷൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ വിവിധതലങ്ങളിൽ സമ്മർദം ചെലുത്തി വരുകയായിരുന്നു. റോഡിന്റെ പ്രവൃത്തി പൂർണമായ ശേഷമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരും കൺവീനറും നഗരസഭാ ഉപാധ്യക്ഷയുമായ സി.ടി. ബിന്ദുവും അറിയിച്ചു.