ഹോട്ടൽ വിലവർധനസമരത്തിൽ സംഘർഷം

പേരാമ്പ്ര : നഗരത്തിലെ ഹോട്ടൽ വില വർധനയ്ക്കെതി​േര പേരാമ്പ്രയിൽനടന്ന സമരത്തിൽ സംഘർഷം. പേരാമ്പ്ര ടൗൺഹാളിനു മുൻവശത്തെ കൂൾബാറിലാണ് സർവകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തി പ്രതിഷേധം തുടങ്ങിയത്. കടയ്ക്കു മുന്നിൽനിന്ന് മുദ്രാവാക്യം മുഴക്കി സമരസമിതി പ്രവർത്തകർ പ്രതിഷേധം തുടങ്ങി. പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായില്ല.

സമരത്തിനെതി​േര വ്യാപാരികളും രംഗത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു.

മധ്യത്തിൽ പോലീസ് നിലയുറപ്പിച്ചാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. ഒടുവിൽ വൈകീട്ട് പോലീസ് സ്റ്റേഷനിൽ ചർച്ചനടത്താമെന്ന് എസ്.ഐ. സൗരവ് നിർ​േദശിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും വില കുറയ്ക്കാൻ തയ്യാറല്ലെന്നാണ് വ്യാപാരികൾ അറിയിച്ചത്. ഇതോടെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. സമരത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ നഗരത്തിൽ പ്രകടനം നടത്തുകയും ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധയോഗം ചേരുകയുംചെയ്തു.

പേരാമ്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പോലീസിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സർവകക്ഷി നേതാക്കൾ ഉൾപ്പെട്ട സംയുക്ത സമരസമിതി നവംബർ ഒന്നു മുതൽ സമരം പ്രഖ്യാപിച്ചത്. ചായക്കും എണ്ണക്കടികൾക്കും 12 രൂപയും ഊണിന് 60 രൂപയുമാക്കി ഏകീകരിക്കണമെന്നായിരുന്നു ഒടുവിൽ സമരസമിതി ആവശ്യപ്പെട്ടത്. ചായക്കും കടികൾക്കും 15 രൂപയാക്കിയാണ് അടുത്തിടെ വർധിപ്പിച്ചത്. ബൈപ്പാസിലെ പുതുതായി വന്ന ചായക്കടകളാണെങ്കിൽ എണ്ണക്കടികൾക്ക് തോന്നിയപോലെ വില ഈടാക്കുകയാണെന്നും സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം സാധനങ്ങൾക്കും പാചകവാതകത്തിനും വലിയരീതിയിൽ വിലവർധിപ്പിച്ച സാഹചര്യത്തിൽ ഹോട്ടലിൽ വിലവർധന അനിവാര്യമാണെന്ന് വ്യാപാരികളും പറയുന്നു.