വേളത്ത് തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുനികത്തൽ വ്യാപകം

വേളം : പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുനികത്തുന്നത് വ്യാപകമായി. റവന്യൂ-വില്ലേജ് അധികൃതർ കണ്ണടയ്ക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നാണ്‌ നാട്ടുകാർ പറയുന്നത്. പഞ്ചായത്തിലെ തീക്കുനി, എറുമ്പൻകുനി, ശാന്തിനഗർ, കേളോത്ത് മുക്ക്, തിരിക്കോത്ത് മുക്ക്, കുറിച്ചകം മേഖലകളിലാണ് വ്യാപകമായി തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുനികത്തുന്നത്.

മണ്ണ്-ഭൂമാഫിയയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. അനധികൃതമായി നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും റവന്യൂ വില്ലേജ് അധികൃതർ സ്ഥലങ്ങൾ സന്ദർശിക്കണമെന്നും സി.പി.ഐ. വേളം ലോക്കൽ ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജലീഷ് കരുവോത്ത് അധ്യക്ഷനായി.

ജില്ലാ കൗൺസിൽ മെമ്പർ കെ.പി. പവിത്രൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി. സുരേഷ്, ലോക്കൽ സെക്രട്ടറി സി. രാജീവൻ, കെ.എം രാജീവൻ, സി.കെ. രാജീവൻ എന്നിവർ സംസാരിച്ചു.