മുന്നറിയിപ്പ് ബോർഡുകളേ നന്ദി !

ചീപ്പാൻകുഴി കുപ്പിക്കഴുത്തുപാലം അപകടത്തിൽ

കാരശ്ശേരി : ഒരു പാലത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ വർഷങ്ങളായി മുന്നറിയിപ്പ് ബോർഡുകളാണ് കാവലായുള്ളത്. മുക്കം-കാരശ്ശേരി-കൊടിയത്തൂർ റോഡിലെ കാരശ്ശേരി അങ്ങാടിക്ക് അടുത്തുള്ള ചീപ്പാൻകുഴി പാലത്തിലൂടെയാണ് പത്തുവർഷമായി എട്ടോളം മുന്നറിയിപ്പ് ബോർഡുകളുടെ സംരക്ഷണയിൽ വാഹനങ്ങൾ തോട്ടിൽ ചാടാതെ കടന്നുപോകുന്നത്.

വളവും ഇറക്കവും ചേർന്ന റോഡിലെ കുപ്പിക്കഴുത്ത് പാലത്തിൽ അപകടങ്ങൾ പെരുകുകയാണ്. അധികൃതരിൽനിന്ന് പരിഹാര നടപടികൾ ഒന്നും ഉണ്ടാകാതെ വന്നതിനാൽ പരിസരവാസികളാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. വാഹനങ്ങൾ പാലത്തിന്റെ കൈവരികളിൽ തട്ടി തോട്ടിലേക്ക് വീഴുന്നതടക്കമുള്ള അപകടങ്ങൾ പതിവാണ്. ഒരു കാറിനും ഓട്ടോറിക്ഷയ്ക്കും ഒരേസമയം പരസ്പരം കടന്നുപോകാൻ വീതിയില്ലാത്ത പാലം ആണിത്.

കരിങ്കൽക്കെട്ടുകളിൽ വിള്ളൽ

കഴിഞ്ഞ പ്രളയങ്ങളെത്തുടർന്ന് പാലത്തിനടിയിലെ കരിങ്കൽകെട്ടുകളിൽ വിള്ളൽവീണ നിലയിലാണ്. 40 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗം കോൺക്രീറ്റ് അടർന്നുവീണു കമ്പികൾ പുറത്തായി. വീതി കുറഞ്ഞ് അപകടക്കെണിയും പഴക്കംചെന്ന് തകർച്ചാ ഭീഷണിയിലും ആയിട്ടും പാലം വീതികൂട്ടി പുതുക്കി നിർമ്മിക്കണമെന്ന ആവശ്യത്തിന് ഒരു പരിഗണനയും കിട്ടുന്നേയില്ല.

2016-ൽ പി.ഡബ്ല്യു.ഡി. അഞ്ചുകോടി മുടക്കി പുനരുദ്ധാരണംനടത്തി വീതികൂട്ടിയതാണ് മുക്കം-കൊടിയത്തൂർ-ചെറുവാടി റോഡ്. വീതി കുറഞ്ഞതും പഴക്കംചെന്ന് അപകടസാധ്യതയിലുമായ ചീപ്പാൻകുഴി പാലവും തൊട്ടടുത്ത കക്കാട് കോട്ടമുഴി പാലവും നവീകരിക്കണമെന്ന ആവശ്യം അന്ന് പരിഗണിച്ചില്ല.

പിന്നീട് കോട്ടമൊഴി പാലം തകർന്നു താഴ്ന്നു തുടങ്ങിയപ്പോൾ പുതുക്കിപ്പണിയുകയും ഈ വർഷം ആദ്യം ഗതാഗതത്തിന് തുറന്നുകൊടുക്കുകയുംചെയ്തു. കോട്ടമുഴി പാലം നവീകരിച്ചപ്പോഴും അതേ റൂട്ടിലെ കുപ്പിക്കഴുത്തുപാലം പരിഗണിച്ചില്ല.

തൊട്ടടുത്ത് റോഡും ഇടിഞ്ഞുതാണു

പാലത്തിന്റെ 50 മീറ്റർ അടുത്ത് റോഡിന്റെ ഒരു വശം ഇടിഞ്ഞുതാണ് ഉള്ളിലേക്ക് വലിയ കിടങ്ങ് രൂപപ്പെട്ട നിലയിലാണ്. വയലിൽക്കൂടി കടന്നുപോകുന്ന ഈ ഭാഗം മണ്ണിട്ടുയർത്തി ഉണ്ടാക്കിയതാണ്. ഈ ഭാഗം ചേർന്നു വാഹനങ്ങളോടിയാൽ ഇടിഞ്ഞു താഴാനും അപകടത്തിനും സാധ്യതയുണ്ട്. കിടങ്ങിലേക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ നാട്ടുകാർ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.

സുരക്ഷയ്ക്ക്‌ മുന്നറിയിപ്പ്‌ ബോർഡുകൾ മാത്രം; പാലം നവീകരണം ഇനിയും വൈകരുത്

ചീപ്പാൻകുഴി പാലം അപകടാവസ്ഥയിലാണ്. എത്രയുംവേഗം വീതികൂട്ടി പുതുക്കിപ്പണിത് ഗതാഗതം സുഗമമാക്കണം.

ജമാൽ കാരശ്ശേരി,

പൊതുപ്രവർത്തകൻ