യാത്രാദുരിതത്തിന്റെ നേർസാക്ഷ്യം

#എം. അനിൽകുമാർ

കൊടുവള്ളി: ഒരുറോഡിന്റെ തകർച്ച ഒരു പ്രദേശത്തെ എത്രത്തോളം ദുരിതത്തിലാക്കുമെന്നതിന്റെ നേർക്കാഴ്ചയാണ് കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലെ മണ്ണിൽക്കടവ്-കാരക്കാട് റോഡ്. പൊട്ടിപ്പൊളിഞ്ഞ് കുഴികൾനിറഞ്ഞ റോഡിലൂടെ ഓട്ടോറിക്ഷയ്ക്കും മോട്ടോർസൈക്കിളിനും സുഗമമായി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. റോഡ് നന്നാക്കുമെന്ന പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ നാട്ടുകാർതന്നെ കുഴികളിൽ മണ്ണിട്ടുനികത്തിയാണ് ഇപ്പോൾ യാത്രാസൗകര്യം ഒരുക്കുന്നത്. മണ്ണിൽ, കാവിൽതൊടുകമുക്ക്, കൈവേലിക്കടവ് മദ്രസയ്ക്കു മുൻപിൽ, കണിയാറക്കൽമുക്ക് എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടുകിടക്കുകയാണ്.

തകർന്ന റോഡിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പ്രായമായവർ, രോഗികൾ, കുട്ടികൾ തുടങ്ങി നിത്യേന ഇതുവഴി സഞ്ചരിക്കുന്നവർക്കെല്ലാം ദുരിതമായിരിക്കുകയാണ്. മഴക്കാലത്ത് റോഡിന്റെ മുകൾഭാഗത്തുനിന്നും ഇരുവശങ്ങളിൽനിന്നും കുത്തിയൊഴുകിയെത്തുന്ന വെള്ളം റോഡിൽ നാട്ടുകാർ കൊണ്ടിട്ട മണ്ണ് ഒഴുക്കിക്കൊണ്ടുപോകുന്നു. ഇതോടെ മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ യാത്രാദുരിതം അനുഭവിക്കേണ്ടിവരുന്നു.

വിദ്യാർഥികൾക്ക് സ്കൂളുകളിലും അങ്കണവാടികളിലും എത്തുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാനും റോഡിന്റെ ശോച്യാവസ്ഥ തടസ്സമാകുന്നുണ്ട്. വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർ മടിക്കുന്നതിനാൽ യാത്രാസൗകര്യംതന്നെ പലപ്പോഴും പ്രതിസന്ധിയിലാകുന്നു. പുതിയവീടുകൾ നിർമിക്കുന്നവർക്ക് കെട്ടിടനിർമാണസാമഗ്രികൾ സ്ഥലത്തെത്തിക്കുന്നതിനും വലിയപ്രയാസമാണ് നേരിടേണ്ടിവരുന്നത്.

റോഡിന്റെ തകർച്ച പരിഹരിക്കണമെന്ന ആവശ്യം പ്രദേശവാസികൾ വർഷങ്ങളായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ടെങ്കിലും ഇതുവരെ ശാശ്വതമായ നടപടിയുണ്ടായിട്ടില്ല. താത്കാലികമായി കുഴികളിൽ മണ്ണിട്ട് യാത്രതുടരുന്ന നാട്ടുകാരുടെ ദുരിതത്തിന് ഇതുവരെ അറുതിയായിട്ടില്ല. മഴവെള്ളം കുത്തിയൊഴുകി റോഡ് വീണ്ടും തകരാത്തവിധം ശാസ്ത്രീയമായരീതിയിൽ പുനർനിർമിക്കുകയാണ് വേണ്ടതെന്നും ഇനിയും താത്കാലിക പരിഹാരങ്ങളിൽ ഒതുങ്ങാതെ ബന്ധപ്പെട്ട അധികൃതരും സ്ഥലം എം.എൽ.എ.യും അടിയന്തരമായി ഇടപെട്ട് റോഡ് നവീകരണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിക്കുകയാണ് പ്രദേശവാസികൾ.

റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരംവേണം

‘റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലൂടെ കുട്ടികളുടെയും രോഗികളുടെയും വയോജനങ്ങളുടെയും സഞ്ചാരസ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെടുന്നത്. മണ്ണിൽക്കടവ്-കാരക്കാട് റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.’

വഹാബ് മണ്ണിൽക്കടവ്

പൊതുപ്രവർത്തകൻ