തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ പ്രവൃത്തി പുനരാരംഭിച്ചു

യാർഡ് നിർമാണം തുടങ്ങി

യാഥാർഥ്യമാകുന്നത് എട്ടുവർഷം മുൻപ് തറക്കല്ലിട്ട പദ്ധതി

തിരുവമ്പാടി : മലയോര നിവാസികളുടെ ചിരകാലാഭിലാഷമായ തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയുടെ നിർമാണ പ്രവൃത്തി പുനരാരംഭിച്ചു. അവസാനഘട്ടങ്ങളിലൊന്നായ യാർഡിന്റെ നിർമാണം ആരംഭിച്ചു. ഇതിനായുള്ള ഷെഡ് പണിയാനുള്ള മേൽക്കൂരുടെ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. റോഡിനും യാർഡിനുമായി സി.കെ. കാസിം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ ഒരു കോടി 98 ലക്ഷം രൂപ അനുവദിച്ചതോടെയാണ് മുടങ്ങിക്കിടന്ന നിർമാണപ്രവൃത്തികൾക്ക് വീണ്ടും ജീവൻവെച്ചത്. മഴക്കാലം തുടങ്ങും മുൻപ് ആറുമാസംകൊണ്ട് പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സി.കെ. കാസിം എം.എൽ.എ. അറിയിച്ചു.

അങ്ങാടിയിൽനിന്ന്‌ ഒരു കിലോമീറ്റർ അകലെ കറ്റിയാടാണ് സബ് ഡിപ്പോയും ബസ് സ്റ്റേഷനും വരുന്നത്. ബഹുനിലക്കെട്ടിട നിർമാണം കഴിഞ്ഞവർഷംതന്നെ പൂർത്തിയായിട്ടുണ്ട്. എന്നാൽ ഫണ്ടിന്റെ അഭാവംകാരണം അനുബന്ധ പ്രവൃത്തികൾ സ്തംഭനാവസ്ഥയിലായിരുന്നു.

നിലവിൽ തിരുവമ്പാടി അങ്ങാടിയിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്നാണ് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ, ഗാരേജ്, സ്റ്റേഷൻ ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്നത്. സബ് ഡിപ്പോ യാഥാർഥ്യമാകുന്നതോടെ ഈ സ്ഥാപനങ്ങളെല്ലാം കറ്റിയാടിലേക്ക് മാറും. ഒരു സ്റ്റേഷൻ ഓഫീസ് മാത്രമാകും നിലവിലെ ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുക. 2024 മേയിലാണ് സബ് ഡിപ്പോ നിർമാണപ്രവൃത്തി തുടങ്ങിയത്. ഒന്നര വർഷംകൊണ്ട് പൂർത്തിയാക്കണമെന്നാണ് നിർമാണക്കരാർ. 2.79 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. നിശ്ചിത കരാർ കാലാവധി കഴിഞ്ഞ്‌ ഒരുവർഷം പിന്നിടുകയാണ്.