ഓപ്പറേഷൻ പൈതൽ ശക്തം

മൂന്ന് മത്സ്യബന്ധനയാനങ്ങൾ പിടികൂടി 5.5 ലക്ഷം രൂപ പിഴ ഈടാക്കി
കോഴിക്കോട്/ ബേപ്പൂർ : വളർച്ചയെത്താത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നതിനെതിരേയുള്ള ഫിഷറീസ് വകുപ്പിന്റെ ‘ഓപ്പറേഷൻ പൈതൽ’ പദ്ധതി ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ ബേപ്പൂർ, പുതിയാപ്പ ഹാർബറുകളിൽ നടത്തിയ പരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് ട്രോളർ ബോട്ടുകളും ഒരു ഇൻബോർഡ് വള്ളവും പിടികൂടി. ഇവരിൽനിന്ന് ആകെ 5.5 ലക്ഷം രൂപ പിഴ ഈടാക്കി.
ബുധനാഴ്ചയാണ് ബേപ്പൂർ ഹാർബറിൽ ഭക്ഷ്യയോഗ്യമല്ലാത്തതും നിയമാനുസൃത വലുപ്പമില്ലാത്തതുമായ മത്സ്യങ്ങളെ പിടിച്ചതിനും നിരോധിതവലകൾ സൂക്ഷിച്ചതിനും രണ്ട് ട്രോളർ ബോട്ടുകൾ പിടികൂടിയത്. വ്യാഴാഴ്ച പുതിയാപ്പ ഹാർബറിൽ ജീവൻരക്ഷാ ഉപകരണങ്ങളില്ലാതെയും ഉയർന്ന വോൾട്ടിലുള്ള ലൈറ്റുകൾ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ ഒരു ഇൻബോർഡ് വള്ളവും പിടികൂടി. രണ്ട് ബോട്ടുകൾക്കും 2.5 ലക്ഷം രൂപവീതവും വള്ളത്തിന് 50,000 രൂപയുമാണ് പിഴചുമത്തിയത്.
ഇതോടെ ഓപ്പറേഷൻ പൈതലിന്റെ ഭാഗമായി ഈ വർഷം ഇതുവരെ ജില്ലയിൽ പിടികൂടിയ മത്സ്യബന്ധനയാനങ്ങൾ/ബോട്ട്/വള്ളങ്ങൾ എന്നിവയുടെ എണ്ണം 27 ആയി. ഇതുവരെ 23.2 ലക്ഷം രൂപ പിഴയായി ഈടാക്കി.
ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി.കെ. മനോജിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഓഫീസർ അനുരാഗ്, മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറി ഗാർഡ് മനു തോമസ്, റെസ്ക്യൂ ഗാർഡ് താജുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് ബേപ്പൂർ ഹാർബറിൽ ബോട്ടുകൾ പിടികൂടിയത്. പുതിയാപ്പ ഹാർബറിൽ വടകര മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി.കെ. ആതിര, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സന്ധ്യ, മറൈൻ എൻഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് രാജേഷ്, ഫിഷറി ഗാർഡ് കെ. അരുൺ, റെസ്ക്യൂ ഗാർഡുമാരായ ഹമിലേഷ്, നിധീഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വംനൽകിയത്.
അശാസ്ത്രീയ മത്സ്യബന്ധനരീതികളും നിയമവിരുദ്ധവലകളുടെ ഉപയോഗവും മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ഹാർബറുകളിലും കടലിലും പെട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.