കാരശ്ശേരിയിലും വേണ്ടേ ഒരു നല്ല സ്റ്റേഡിയം മലാംകുന്ന് സ്റ്റേഡിയം നവീകരണം എന്നുണ്ടാകും

കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തിലെ കായികപ്രേമികളുടെയും നാട്ടുകാരുടെയും പതിറ്റാണ്ടുകൾനീണ്ട സ്വപ്നമായ മലാംകുന്ന് സ്റ്റേഡിയത്തിന്റെ നവീകരണം ഇനിയും യാഥാർഥ്യമായില്ല. ഒടുവിൽ കഴിഞ്ഞസർക്കാരിന്റെ കാലത്ത് അന്നത്തെ എം.എൽ.എ. ലിന്റോ ജോസഫ് മുൻകൈയെടുത്ത് രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ, ഇതേവരെ തുടർനടപടികളൊന്നും ആരംഭിച്ചിട്ടില്ല. സ്റ്റേഡിയം നവീകരണം ഇനിയും എത്രനാൾ നീണ്ടുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാരും കായികപ്രേമികളും. മൂന്നുപതിറ്റാണ്ടിലധികമായി അടിസ്ഥാനസൗകര്യങ്ങളില്ലാതെ അവഗണിക്കപ്പെട്ടുകിടക്കുന്ന ഈ സ്റ്റേഡിയം നവീകരിക്കണമെന്ന ആവശ്യത്തിനും അത്രത്തോളം പഴക്കമുണ്ട്.
ഒന്നേകാൽ ഏക്കറിലധികം വിസ്തൃതിയുള്ള ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയം നിലവിൽ കല്ലും ചരലും മണലും പുല്ലുമൊക്കെയായി കിടക്കുന്നു. മഴക്കാലത്ത് വെള്ളക്കെട്ടായി മാറുന്ന അവസ്ഥയുമുണ്ട്. അഖിലകേരള ഫുട്ബോൾ ടൂർണമെൻറ്, കബഡി ടൂർണമെൻറ്, സ്കൂൾ കായികമേളകൾ തുടങ്ങിയവ മുൻപ് ഈ സ്റ്റേഡിയത്തിൽ നടന്നിരുന്നു. എന്നാൽ, അടിസ്ഥാനസൗകര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ ഈ മൈതാനത്തെ ഇത്തരം ആവശ്യങ്ങൾക്ക് പര്യപ്തമല്ലാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപ വകയിരുത്തി മണ്ണിട്ടുനിരത്തുകയും റോഡിന്റെ വശത്ത് ഫെൻസിങ് സ്ഥാപിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇത് ഇന്നത്തെക്കാലത്തിന് അനുയോജ്യമായ രീതിയിലുള്ള നവീകരണത്തിന് പര്യാപ്തമായില്ല. ഇതിനെത്തുടർന്ന് കായികപ്രേമികളുടെ നിവേദനപ്രകാരമാണ് മുൻസർക്കാരിന്റെ കാലത്ത് സ്ഥലം എം.എൽ.എ. ഇടപെട്ട് ബഡ്ജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തിയത്. ആധുനികരീതിയിൽ നവീകരിച്ച് ഗുണനിലവാരമുള്ള കോർട്ടുകൾ, ഗാലറികൾ, പവിലിയനുകൾ, ശൗചാലയങ്ങൾ ഡ്രസിങ് റൂം, ഓഫീസ് റൂം, സ്റ്റേജ്, വൈദ്യുതവിളക്കുകൾ, ജലലഭ്യത മുതലായവയെല്ലാം സ്ഥാപിച്ചാലേ സ്റ്റേഡിയത്തിന്റെ ശരിയായ പ്രയോജനം ലഭിക്കൂ.
സ്കൂൾ, കോളേജ് തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാരിന്റെ കായികവകുപ്പിന് കീഴിലും വിവിധ ക്ലബ്ബുകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഒക്കെ നേതൃത്വത്തിലും നിരവധി സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾക്കും മേളകൾക്കും എല്ലാക്കാലത്തും ലോകത്തെല്ലാം വലിയ പ്രാധാന്യം നൽകിവരുന്നതാണ്. എന്നാൽ, ഇത്തരം അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തി തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും നേട്ടങ്ങൾ കൈവരിക്കാനും കായികതാരങ്ങൾക്ക് കഴിയണമെങ്കിൽ അടിസ്ഥാനപരമായി വേണ്ടത് മികച്ച സ്റ്റേഡിയമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ഒരു പഞ്ചായത്തിൽ ഒരു സ്റ്റേഡിയം എന്ന പദ്ധതി പ്രഖ്യാപിച്ചത്. മിക്കവാറും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമെല്ലാം ഈ പദ്ധതി യാഥാർഥ്യമാകുമ്പോൾ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ മാത്രം അത് നടപ്പാകുന്നില്ല. അതുകൊണ്ടുതന്നെ ഇവിടത്തെ കായികപ്രതിഭകൾക്ക് പരിശീലനം നേടാനും വിവിധ മത്സരങ്ങളിൽ കഴിവുതെളിയിക്കാനും തുടർപഠനം, ജോലിപോലുള്ളവയ്ക്ക് പ്രയോജനപ്പെടുത്താനും മികച്ച ഗ്രൗണ്ടിന്റെ അഭാവം വില്ലനാകുന്നു. മറ്റ് പ്രദേശങ്ങളിലെ ഹൈടെക് സൗകര്യങ്ങളിൽ പരിശീലനം നേടുന്ന കായികതാരങ്ങളോട് മത്സരിക്കാൻ ഇവിടുത്തെ താരങ്ങൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നുണ്ട്.