ഉത്പാദനം പ്രതിസന്ധിയിൽ

മഴക്കുറവ്: ഇരുവഴിഞ്ഞിപ്പുഴയിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ

ഈ സീസണിൽ 25 ശതമാനം കുറവ്‌

കോടഞ്ചേരി : ദുർബലമായ കാലവർഷത്തെത്തുടർന്ന് ഇരുവഞ്ഞിപ്പുഴയിലെ മൂന്ന് സ്വകാര്യ ജലവൈദ്യുതി പദ്ധതികളിലും കൈവഴിയായ ചാലിപ്പുഴയിൽ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലും വൈദ്യുതോത്പാദനം സ്തംഭനത്തിലേക്ക്. നീരൊഴുക്ക് വളരെ കുറഞ്ഞതിനാൽ സെപ്റ്റംബർമുതൽ ഓരോ ജനറേറ്റർ മാത്രമേ ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുള്ളൂ. ഏതു നിമിഷവും അതും നിർത്തിവെക്കേണ്ട അവസ്ഥയിലാണ്.

ഇരുവഞ്ഞിപ്പുഴയിലെ ‘മിനാർ’ ജലവൈദ്യുതപദ്ധതിയിൽ വൈദ്യുതോത്പാദനം ഈ സീസണിൽ 25 ശതമാനം കുറവാണ്. കഴിഞ്ഞവർഷം സെപ്റ്റംബർവരെ 20 മില്യൺ യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. ഈ വർഷമാകട്ടെ, 15 മില്യൺ യൂണിറ്റ് മാത്രം. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് മൂന്നര മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ നിശ്ചലമാണ്. ഒരു മെഗാവാട്ടിന്റെ ജനറേറ്റർ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഏതുനിമിഷവും ഇതു നിർത്തിവെ​േക്കണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ സെപ്റ്റംബറിൽ പൂർണതോതിൽ ഉത്പാദനം നടന്നിടത്താണ് ഉത്പാദനം എട്ടിലൊന്നായി ഇപ്പോൾ കുറഞ്ഞിട്ടുള്ളത്. കഴിഞ്ഞവർഷങ്ങളിൽ ജനുവരി അവസാനംവരെ ഉത്പാദനം നടന്നിരുന്നു.

ചാലിപ്പുഴയിൽ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ചെമ്പുകടവ് വൈദ്യുതപദ്ധതി ഒന്ന്, രണ്ട് ഘട്ടങ്ങളിലും ഉത്പാദനംകുറഞ്ഞു. 2025-ൽ ഒരുകോടി പത്തുലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോൾ 2026-ൽ 74 ലക്ഷം യൂണിറ്റായി കുറഞ്ഞു. ചെമ്പുകടവ് ഒന്നാംഘട്ടത്തിൽ മൂന്ന് ജനറേറ്ററുകളുടെ ആകെയുള്ള സ്ഥാപിതശേഷി മണിക്കൂറിൽ 2700 യൂണിറ്റാണ്. രണ്ടാംഘട്ട പദ്ധതിയിൽ 3750 യൂണിറ്റും.

'സിയാലി'ന്റെ ഉടമസ്ഥതയിലുള്ള ഇരുവഴിഞ്ഞിപ്പുഴയിലെ ചെറുകിട ജലവൈദ്യുതപദ്ധതിയിൽ 2.25 മെഗാ വാട്ടിന്റെ രണ്ടുജനറേറ്ററുകളിൽ ഒന്നു മാത്രമേ, നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇവിടെയും ഉത്പാദനം കുറവാണ്.

ഇവിടെയുള്ള, ആനക്കാംപൊയിൽ പവർ പ്രോജക്ട്‌ ലിമിറ്റഡ്' ഉത്പാദനകേന്ദ്രത്തിൽ 18.7 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് ഈ സീസണിൽ ഇതുവരെ ഉത്പാദിപ്പിച്ചത്. കഴിഞ്ഞവർഷമാകട്ടെ, 24.5 മില്യൺ യൂണിറ്റാണ്‌ ഉത്പാദിപ്പിച്ചത്‌. മൂന്നു ജനറേറ്ററുകളിൽ 3.85 മെഗാവാട്ട് ശേഷിയുള്ള രണ്ടുജനറേറ്റർ, നീരൊഴുക്ക് കുറഞ്ഞതുകാരണം നിശ്ചലമാണ്. 1.2 ശേഷിയുള്ള ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തിക്കുന്നത്. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് കോടികളുടെ നഷ്ടമാണ് സ്വകാര്യകമ്പനികൾക്കും കെ.എസ്.ഇ.ബി.ക്കും ഉണ്ടായിട്ടുള്ളത്. തുലാവർഷം കനിയുമെന്ന പ്രതീക്ഷയിലാണ് കമ്പനിയധികൃതരും ജീവനക്കാരും.