നെൽക്കൃഷിക്ക് നിലമൊരുക്കാൻ...

കരുവോട് ചിറയിൽ സൗകര്യങ്ങളൊരുക്കാൻ പരിശോധന
പേരാമ്പ്ര : ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ കരുവോട് ചിറയിൽ നെൽക്കൃഷിയിറക്കാൻ അടിസ്ഥാനസൗകര്യം ഒരുക്കാൻ പദ്ധതിതയ്യാറാക്കുന്നതിന് മുന്നോടിയായി പരിശോധന നടത്തി. മണ്ണുസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരാണ് കരുവോട് ചിറയിലെത്തിയത്.
300 ഏക്കറോളം വരുന്ന കരുവോട് ചിറയിൽ 15 ഏക്കർ സ്ഥലത്തു മാത്രമേ കഴിഞ്ഞതവണ കൃഷിയിറക്കിയിട്ടുള്ളൂ. ഒഴുകിപ്പോകാൻ നല്ല തോടുകളില്ലാത്തതിനാൽ വെള്ളംകെട്ടിനിൽക്കുന്നത് കരുവോട് ചിറയിലെ പ്രധാന പ്രശ്നമാണ്. ഉയർന്നഭാഗത്ത് വെള്ളമെത്താത്തതാണ് മറ്റൊരു പ്രശ്നം. 150-ഓളം കർഷകർ പാടശേഖരസമിതിക്ക് കീഴിലുണ്ട്. ഒരു വിളക്കൃഷി മാത്രമേ ഇപ്പോൾ നടത്താൻ കഴിയാറുള്ളൂ. ഡിസംബർ മാസത്തിൽ കൃഷി തുടങ്ങി മാർച്ച് മാസത്തോടെ കൊയ്തെടുക്കുന്ന കൃഷിയാണ് നടത്താറുള്ളത്.
തോടുകൾ സംരക്ഷിക്കും
വശങ്ങളിടിഞ്ഞ് നികന്നുപോയ പ്രധാനതോടിന്റെ നവീകരണം, ചെറുതോടുകളുണ്ടാക്കൽ, ഫാം റോഡ് നിർമിക്കൽ എന്നിവയാണ് അടിയന്തരമായി പാടശേഖരത്തിൽ നടക്കാനുള്ളതെന്ന് പാടശേഖരസമിതി സെക്രട്ടറി സി.പി. കുഞ്ഞമ്മദ് പറഞ്ഞു. പാടശേഖരസമിതി ഫാത്തിമ തഹിലിയ എം.എൽ.എ.ക്ക് നേരേത്ത ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു. എം.എൽ.എ. മന്ത്രി ടി. സിദ്ദിഖിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലപരിശോധനയ്ക്കായി എത്തിയത്. രണ്ടുകിലോമീറ്ററോളം നീളമുള്ളതാണ് കരുവോട് ചിറയിലെ പ്രധാന തോട്. അതിൽ 500 മീറ്ററെങ്കിലും അടിയന്തരമായി സംരക്ഷണപ്രവൃത്തികൾ നടത്തണമെന്നാണ് പാടശേഖരസമിതിയുടെ ആവശ്യം.
പാടശേഖരത്തിലെ ഉയർന്നഭാഗത്ത് കൈത്തോട് നിർമിച്ച് നടക്കൽ പമ്പ് ഹൗസിൽ നിന്നുള്ള വെള്ളം പമ്പിങ് നടത്തി ഒഴുക്കിവിടാനുള്ള സംവിധാനവും വേണം. ഇപ്പോൾ ഈ ഭാഗങ്ങളിൽ നെൽക്കൃഷി നടത്താൻ കഴിയാറില്ല. മധ്യഭാഗത്തെ പ്രധാന തോട്ടിൽ നിന്നുള്ള വെള്ളം ഈ ഭാഗത്തേക്ക് എത്തിക്കാൻ സംവിധാനവുമില്ല. മണ്ണുസംരക്ഷണ വകുപ്പ് വടകര മേഖലാ ഓഫീസർ സി.എം. അൻവർ, ഓവർസിയർ അനിരുദ്ധൻ, വർക്ക് സൂപ്രണ്ട് സുജേഷ്, സർേവയർ അബ്ദുൾ അസീസ്, സംഗീത് എന്നീ ഉദ്യോഗസ്ഥരാണ് സ്ഥലത്തു പരിശോധന നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദില നിബ്രാസ്, പാടശേഖരസമിതി സെക്രട്ടറി സി.പി. കുഞ്ഞമ്മദ്, പ്രസിഡന്റ് സി.എം. കുഞ്ഞികൃഷ്ണൻ, ട്രഷറർ കെ.കെ. രവീന്ദ്രൻ, സി. സുരേന്ദ്രൻ, ടി.ടി. കുഞ്ഞിക്കണ്ണൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.