തീവണ്ടിയുടെ കോച്ചിൽ ഒരു റെയിൽവേ സ്റ്റേഷൻ

#പി.എസ്. കൃഷ്ണകുമാർ

കോഴിക്കോട്: നീണ്ടുകിടക്കുന്ന റെയിലിന് സമാന്തരമായി നീളത്തിൽ റെയിൽവേ കമ്പാർട്ട്‌മെന്റ്. അതിൽ ഓഫീസ്, ടിക്കറ്റ് കൗണ്ടർ. അതിനടുത്ത് ഗേറ്റ്മാന്റെ കാബിൻ, റെയിൽവേ ഗേറ്റ്. കേരളചരിത്രം രേഖപ്പെടുത്തിയ ട്രെയിനിന്റെ ബോഗിയിൽ പ്രവർത്തിച്ച ആദ്യ റെയിൽവേ സ്റ്റേഷനും ഇതുതന്നെയായിരിക്കും.

അതേ, 1900-ാമാണ്ടിൽ അങ്ങനെയും ഒരു റെയിൽവേ സ്റ്റേഷൻ കോഴിക്കോട്ടുണ്ടായിരുന്നു. പേര്: തിരുവച്ചിറ റെയിൽവേ സ്റ്റേഷൻ. ബേപ്പൂർറോഡിൽ നിലവിലെ മേൽപ്പാലത്തിന് താഴെ തിരുവച്ചിറ ക്ഷേത്രത്തിന്റെ മുന്നിലായിട്ടായിരുന്നു സ്റ്റേഷൻ ഉണ്ടായിരുന്നത്. 1940-കളിൽ ലാഭകരമല്ലെന്നുകണ്ട് റെയിൽവേ ഇത്‌ പൊളിച്ചെന്നാണ് പഴമക്കാർ പറയുന്നത്. ഗുരുവായൂർക്ഷേത്രം കോയ്മയുടെ അധികാരവും മലപ്പുറം ജില്ലയിലെ ചില ക്ഷേത്രങ്ങളുടെ ചുമതലയും സാമൂതിരിക്ക് ഉണ്ടായിരുന്നു. ഗുരുവായൂരിലേക്ക്‌ പോകാനും തിരുനാവായ, തൃപ്പങ്ങോട്ട്, തൃക്കണ്ടിയൂർ, തിരൂർ ക്ഷേത്രങ്ങളിലേക്കുള്ള രശീത്ബുക്കുകൾ പോകുന്നതിനായി സാമൂതിരി മുൻകൈയെടുത്ത് നിലവിൽവന്ന സ്റ്റേഷനാണിതെന്നും രേഖകളിൽ പറയുന്നു. അന്ന് കരിവണ്ടികളാണ് വന്നിരുന്നത്. വണ്ടികളിലേക്ക് വെള്ളമടിച്ചിരുന്നത് തിരുവച്ചിറയിലെ നാലതിരുകളിലും നടുക്കുമുണ്ടായിരുന്ന കിണറുകളിൽനിന്നായിരുന്നു.

1861-ൽ നിലവിൽവന്ന തിരൂർ-ചാലിയം റെയിൽവേ ലൈനായിരുന്നു കേരളത്തിലെ തന്നെ ആദ്യ റെയിൽവേ ലൈൻ. കരിവണ്ടികളാണ് കൂടുതലായി ഓടിക്കൊണ്ടിരുന്നത്. അന്ന് കടലുണ്ടി റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നില്ല. ചാലിയം സ്റ്റേഷനെന്നോ ബേപ്പൂർ സ്റ്റേഷനെന്നോ ഒക്കെയാണ് ഇവിടം അറിയപ്പെട്ടിരുന്നത്. 1888-ഓടെ കോഴിക്കോട്ടേക്ക് ട്രെയിൻ ഓടിത്തുടങ്ങിയതോടെ ചാലിയം ലൈൻ അപ്രസക്തമായി. അന്ന് കോഴിക്കോട്ടെത്താൻ വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് ബേപ്പൂർപ്പുഴയും കല്ലായിപ്പുഴയും കടന്നുപോകണമായിരുന്നുവെന്ന്‌ ടി.ബി. സെലുരാജ് ‘കോഴിക്കോടിന്റെ പൈതൃകം’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

തിരൂർ എസ്.ഐ.ക്ക്‌ ഗവർണർകൊടുത്ത പണിചാലിയം റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട കൗതുകകരമായ ഒരു ഓർമ്മയും ടി.ബി. സെലുരാജ് പങ്കുവെക്കുന്നുണ്ട്. അന്നൊക്കെ ചാലിയത്ത് രാപകൽഭേദമെന്യേ തൊഴിലാളികൾക്ക് പണിയെടുക്കണമായിരുന്നു. ആയാസമകറ്റാൻ ‘ഒത്തുപിടിച്ചാൽ മലയുംപോരും ഐലസാ’ എന്നു ചൊല്ലിക്കൊണ്ടാണ് ഇവർ പണിയെടുത്തിരുന്നത്. ഇതുകേൾക്കാനിടയായ തിരൂർ എസ്.ഐ. ഇത് ശല്യമാകുന്നതായി കാണിച്ച് അന്നത്തെ ഗവർണർക്ക് പരാതിനൽകി. എന്നാൽ, അധ്വാനം ലഘൂകരിക്കുന്നതിനായി തൊഴിലാളികൾ സ്വാഭാവികമായി പാടുന്നതാണ് ഇതെന്ന് പറഞ്ഞ് ഗവർണർ പരാതി തള്ളുകയായിരുന്നു.

ഒന്നാംക്ലാസിൽ മൈലിന് എട്ടുപൈസരണ്ടാംക്ലാസിൽ അഞ്ചുപൈസ

ചാലിയം ആദ്യകാലത്ത് മലബാറിന്റെ റെയിൽവേ ടെർമിനൽ ആയിരുന്ന കാലത്ത് രണ്ടു തീവണ്ടികളാണ് ചാലിയത്തുനിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നത്. ഒന്നാംക്ലാസിൽ മൈലിന് എട്ടുപൈസയും രണ്ടാംക്ലാസിൽ അഞ്ചുപൈസയും മൂന്നാംക്ലാസിൽ മൂന്നുപൈസയുമായിരുന്നു യാത്രാനിരക്ക്. തുടക്കത്തിൽ ചില തീവണ്ടികളിൽ മാത്രമായിരുന്നു മൂന്നാംക്ലാസുണ്ടായിരുന്നത്. അന്നത്തെ അസിസ്റ്റന്റ് ഹെഡ് കളക്ടർ ബ്യൂക്കും റെയിൽവേ കൺസൽട്ടിങ് എൻജിനിയറുമായിരുന്ന ഷാസ്റ്റുവർട്ടും നടത്തിയ ഇടപെടലിനെത്തുടർന്ന്് മൂന്നാംക്ളാസ് എല്ലാ വണ്ടികളിലും ഏർപ്പെടുത്തി.

വടകര സ്റ്റേഷനും വോളിബോളുംവടകര സ്റ്റേഷന്റെ തൊട്ടടുത്താണ് റെയിൽവേ മൈതാനം. അവിടെ 1960-കളിൽ അഖിലേന്ത്യാതലത്തിൽ വോളിബോൾ മത്സരങ്ങൾ നടന്നിരുന്ന കാലമുണ്ടായിരുന്നു. സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുമ്പോൾ ദേശീയതാരങ്ങളുടെ കളി അദ്‌ഭുതത്തോടെ വീക്ഷിക്കുന്ന ട്രെയിൻ യാത്രക്കാരുടെ ചിത്രം പഴമക്കാരുടെ മനസ്സിലുണ്ട്. 1970-കളിൽ ഒരു റെയിൽവേ ലൈൻ മാത്രം ഉണ്ടായിരുന്നകാലത്ത് ചെന്നൈ മെയിലും വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസും ഉൾപ്പെടെ നാലുതീവണ്ടികൾ മാത്രമായിരുന്നു ഓടിയിരുന്നത്. എല്ലാ ട്രെയിനുകളുടെയും ക്രോസിങ്ങും വടകര സ്റ്റേഷനിലായിരുന്നെന്നും ഇവർ പറയുന്നു.