നിയമംതെറ്റിച്ച ബസിനെ റിവേഴ്സ് എടുപ്പിച്ച് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി

കൈയോടെ പിടികൂടി
രാമനാട്ടുകര : ഗതാഗതക്കുരുക്കിനിടെ ട്രാക്ക് തെറ്റിച്ച് എതിർദിശയിലൂടെ എത്തിയ സ്വകാര്യബസിനെ പിന്നോട്ടെടുപ്പിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി. വ്യാഴാഴ്ച വൈകുന്നേരം 6.30-ഓടെയായിരുന്നു സംഭവം. ബി.സി. റോഡിൽനിന്ന് ചെറുവണ്ണൂർ റോഡിലേക്ക് പ്രവേശിച്ച് നഗരത്തിലേക്ക് വരുകയായിരുന്നു കമ്മിഷണർ.
കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് വരിവരിയായി നിൽക്കുമ്പോഴാണ്, ട്രാക്ക് തെറ്റിച്ച് എതിർദിശയിലൂടെ എത്തിയ 'റഹീസ്' എന്ന സ്വകാര്യബസ് കമ്മിഷണറുടെ വാഹനത്തിന് കുറുേക എത്തിയത്. കോഴിക്കോടുനിന്ന് മീഞ്ചന്ത വഴി മണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണിത്.
ഉടൻതന്നെ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ കമ്മിഷണർ, ബസ് പിന്നോട്ടെടുത്ത് യഥാർഥ ട്രാക്കിലേക്ക് മാറ്റാൻ ജീവനക്കാരോട് ആവശ്യപ്പെട്ടു.
ബസ് പിന്നോട്ടെടുത്ത് കൃത്യമായ ട്രാക്കിൽ പ്രവേശിച്ചതിനുശേഷമാണ് യാത്രതുടരാൻ അനുവദിച്ചത്.
നിയമലംഘനത്തിനെതിേര നടപടി സ്വീകരിക്കാൻ ട്രാഫിക് പോലീസിനെ അപ്പോൾത്തന്നെ അറിയിച്ചെന്നും ബസ് ജീവനക്കാരോട് വെള്ളിയാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും എ.പി. ഷൗക്കത്തലി പറഞ്ഞു. ഈ റൂട്ടിൽ സ്വകാര്യബസുകൾ തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നതായി യാത്രക്കാരുടെയും മറ്റ് വാഹനയാത്രികരുടെയും ഭാഗത്തുനിന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
ഇതിനിടയിലാണ് സിറ്റി പോലീസ് കമ്മിഷണറുടെ നേരിട്ടുള്ള ഇടപെടലുണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.