വടകര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മെഷീൻ മെയിന്റനൻസ് ഡിപ്പോ വരുന്നു

വടകര : വടകര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മെഷീൻ മെയിന്റനൻസ് സാറ്റലൈറ്റ് ഡിപ്പോ സ്ഥാപിക്കാൻ റെയിൽവേ ഒരുക്കം തുടങ്ങി. പാലക്കാട് ഡിവിഷന്റെ ഏതാണ്ട് മധ്യത്തിലുള്ള സ്റ്റേഷനെന്ന നിലയിലാണ് വടകരയെ സാറ്റലൈറ്റ് ഡിപ്പോയ്ക്കായി തിരഞ്ഞെടുത്തത്. സിവിൽ, ഇലക്ട്രിക്കൽ ഉൾപ്പെടെ 8.30 കോടി രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്. മൊത്തം 12 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മണ്ണുപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികളും നടത്തി.
ഷൊർണൂർ-മംഗളൂരു പാതയും പാലക്കാട് ഡിവിഷനും ഏറെ പ്രധാനപ്പെട്ടതാണെങ്കിലും ഈ റൂട്ടിൽ എവിടെയും ട്രാക്ക് മെഷീൻ അറ്റകുറ്റപ്പണിക്ക് സംവിധാനമില്ല. ട്രാക്ക് നവീകരണത്തിനും അറ്റകുറ്റപ്പണിക്കുമെല്ലാം ഇപ്പോൾ ടാമ്പിങ് യന്ത്രം, ബാലാസ്റ്റ് ക്ലീനിങ് യന്ത്രം തുടങ്ങിയ വലിയ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ട്രാക്ക് മെഷീൻ മാന്വൽ പ്രകാരം ഹ്രസ്വകാല, ഇടക്കാല അറ്റകുറ്റപ്പണിയും ബ്രേക്ക് ഡൗൺ സർവീസും നടത്തേണ്ടത് അനിവാര്യമാണ്. നിലവിൽ ദക്ഷിണ റെയിൽവേയിൽ മധുര ഡിവിഷനിലും തിരുവനന്തപുരം ഡിവിഷനിലെ കൊല്ലത്തും സേലം ഡിവിഷനിലെ പോത്തന്നൂരിലും സാറ്റലൈറ്റ് ഡിപ്പോയുണ്ട്.
പാലക്കാട് ഡിവിഷനിലെ ഡിപ്പോയാണ് വടകരയ്ക്ക് അനുവദിച്ചത്. ട്രാക്ക് പണിയുമായി ബന്ധപ്പെട്ട എല്ലാ യന്ത്രങ്ങളും ഇവിടെയായിരിക്കും സർവീസ് ചെയ്യുക. വടകര റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ് ട്രാക്കിന്റെ പടിഞ്ഞാറുഭാഗത്തെ സ്ഥലമാണ് സാറ്റലൈറ്റ് ഡിപ്പോയ്ക്കായി കണ്ടത്. ഇപ്പോൾ ചതുപ്പുനിലമാണിത്.
സാറ്റലൈറ്റ് ഡിപ്പോ വരുന്നതോടെ വടകര റെയിൽവേ ഭൂപടത്തിൽ പ്രത്യേകമായി ഇടംപിടിക്കുമെന്ന പ്രത്യേകതയുണ്ട്.
ഇതിനിടെ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനുശേഷം പദ്ധതിയെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നെങ്കിലും ഇതിനെ ബാധിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. പദ്ധതിയുടെ ശുപാർശയും ടെൻഡർ നടപടികളുമെല്ലാം പാലക്കാട് ഡിവിഷൻ വിഭജനത്തിനുമുൻപ് നടന്നതാണ്. ഒക്ടോബർ മുതലാണ് പാലക്കാട് ഡിവിഷനിലെ മംഗളൂരു ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് പോയത്.
ഡിവിഷന്റെ ദൂരപരിധി കുറഞ്ഞതാണ് ഡിപ്പോ വടകരയിൽനിന്ന് മാറ്റുമോ എന്ന സംശയം ഉയരാൻ കാരണം. അതിനുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. മംഗളൂരു പോയാലും കാസർകോടുവരെയുള്ള ഭാഗം പാലക്കാട് ഡിവിഷന്റെ പരിധിയിലായതിനാൽ വടകരതന്നെയാണ് യോജിച്ച സ്ഥലമെന്നതാണ് അനുകൂലഘടകം. വടകര റെയിൽവെ സ്റ്റേഷനോടുചേർന്ന് ഏക്കർകണക്കിന് സ്ഥലം റെയിൽവേയ്ക്കുണ്ട്. റെയിൽവേയുടെ വിവിധ പദ്ധതികൾ ഇനിയും വടകരയിലേക്ക് വരാനുള്ള സാധ്യത ഏറെയാണ്. നേരത്തേ കോൾഡ് സ്റ്റോറേജ് ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും നടപ്പായില്ല.