കടൽഭിത്തി നിർമാണം പൂർത്തിയായി; കുരിയാടിക്ക് ആശ്വാസം

വടകര : കുരിയാടി ഫിഷ് ലാൻഡിങ് സെന്ററിനു സമീപത്തെ 159 മീറ്റർ കടൽഭിത്തി നിർമാണം പൂർത്തിയായി. വടകര നഗരസഭ, ചോറോട് പഞ്ചായത്ത് എന്നിവിടങ്ങളിൽ ഉൾപ്പെടുന്ന ഭാഗത്ത് കെ.കെ. രമ എം.എൽ.എ.യുടെ ബജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കടൽഭിത്തി നിർമിച്ചത്. ഒരു കോടി 25 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.
ഏറെ നാളത്തെ ആവശ്യമാണ് തീരപ്രദേശത്ത് കടൽഭിത്തി വേണമെന്നത്. മുഴുവൻ ഭാഗത്തും ഒരേസമയത്ത് നിർമിക്കാൻ വലിയ തുക ചെലവുവരും. അതുകൊണ്ടുതന്നെ തുക ലഭ്യമാകുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങൾ പൂർത്തിയാക്കി വരുകയാണ്. കൊയിലാണ്ടി വളപ്പ്, ആനാട് ഭാഗങ്ങളിൽ ഏറെക്കുറെ നിർമാണം പൂർത്തിയായിട്ടുണ്ട്.
വീടുകൾ ഉള്ള ഭാഗങ്ങൾക്കും മറ്റും പ്രാധാന്യം നൽകിയാണ് നിലവിൽ കടൽഭിത്തി നിർമിക്കുന്നതെന്ന് കെ.കെ. രമ എം.എൽ.എ. പറഞ്ഞു. മുട്ടുങ്ങൽ ഭാഗത്ത് കടൽഭിത്തി നിർമാണത്തിനായി അഞ്ചുകോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചതായും എം.എൽ.എ. അറിയിച്ചു.
ഇപ്പോൾ കടൽഭിത്തി നിർമിച്ച ഭാഗത്തെ റോഡ് ശക്തമായതിരയിൽ പലപ്പോഴും തകരുന്ന സ്ഥിതിഉണ്ടായിട്ടുണ്ട്. മാത്രമല്ല കടലേറ്റം രൂക്ഷമാകുമ്പോൾ ഇതുവഴി യാത്രചെയ്യുമ്പോൾ ഇരുചക്രവാഹനക്കാരുടെമേൽ ഉൾപ്പെടെ വെള്ളമെത്തുന്ന പതിവുമുണ്ട്. കടൽഭിത്തി നിർമിച്ച ഭാഗങ്ങളിൽ ഇതിനെല്ലാം പരിഹാരം ആകും എന്നാണ് പ്രതീക്ഷ.
കടൽഭിത്തി നിർമിക്കാതെ തീരദേശ റോഡ് നിർമിച്ചാൽ പെട്ടെന്ന് തകരും എന്നതുകൊണ്ടുതന്നെ റോഡുകളുടെ അറ്റകുറ്റപ്പണികളും നടത്താറില്ല.
ബാക്കി ഭാഗങ്ങളിൽക്കൂടി ഭിത്തി നിർമിക്കണമെന്ന ആവശ്യം ഉയരുകയാണ്. എങ്കിൽ മാത്രമേ തീരദേശ റോഡും നവീകരിക്കാൻ കഴിയൂ. വടകര നഗരത്തിലെ ഗതാഗതക്കുരുക്ക് ഉൾപ്പെടെ ഉണ്ടാവുന്ന സമയങ്ങളിൽ കൈനാട്ടിയിൽനിന്ന് കുരുക്കിൽപ്പെടാതെ വടകര നഗരം താണ്ടാൻ മിക്ക ആളുകളും ഉപയോഗിക്കുന്ന പ്രധാനവഴി കൂടിയാണ് തീരദേശ റോഡ്.