അത് പുലിയല്ല, കാട്ടുപൂച്ച

ജനങ്ങളെ വട്ടംകറക്കി കാട്ടുപൂച്ചകൾ
തണ്ണീർപന്തൽ : നാട്ടുകാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടംകറക്കി കാട്ടുപൂച്ചകൾ.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മംഗലാട്, ചെക്യാട്, കായക്കൊടി, നാദാപുരം കുമ്മങ്കോട്, പെരുമുണ്ടശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് പുലിയെ കണ്ടെന്നതരത്തിൽ വനംവകുപ്പിലേക്ക് ഫോൺകോളുകൾ എത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയത് പുലിയല്ല, കാട്ടുപൂച്ചകളും സമാനമായ ചെറുജീവികളുമാണെന്ന് വ്യക്തമായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ എ.എം. ഷാനി അറിയിച്ചു. കാൽപ്പാടുകൾ പരിശോധിച്ചതിൽനിന്നാണ് ഈ നിഗമനത്തിലെത്തിയത്. എന്നാൽ, നാദാപുരംകുമ്മങ്കോട് പുലിയുടെ സാന്നിധ്യം വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇവിടെ പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പെരുമുണ്ടശ്ശേരിയിലും കാട്ടുപൂച്ച തന്നെ
പെരുമുണ്ടശ്ശേരി പുതിയടുത്ത് താഴ ഭാഗത്ത് പുലിയെ കണ്ടെന്ന വാർത്തകളെ തുടർന്ന് വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചു. രാവിലെ അരൂരിലേക്ക് ഓട്ടോയിൽ പോവുകയായിരുന്ന എളയടം സ്വദേശി മലമൽ സജീഷാണ് റോഡിന് കുറുകെ പുലിയുടെ സാദൃശ്യമുള്ള ജീവി ഓടിമറയുന്നത് കണ്ടതായി നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിന് പരാതിനൽകുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ പ്രദേശത്ത് കണ്ട കാൽപ്പാടുകൾ വിശദമായി പരിശോധിച്ചാണ് ഇവ പുലിയുടേതല്ലെന്നും കാട്ടുപൂച്ചയുടേതാണെന്നും അറിയിച്ചത്.
പെരുമുണ്ടശ്ശേരി മേഖലയിൽ നടന്ന പരിശോധനകൾക്ക് വനംവകുപ്പ് ജീവനക്കാരായ എ.എം. ഷാനി, അനിൽകുമാർ, ജിനേഷ് എന്നിവർ നേതൃത്വംനൽകി.