സംരംഭകർക്ക് വാതിൽ തുറന്ന് കേരള യങ് ഓൺട്രപ്രനേഴ്സ് കോൺക്ലേവ്

കോഴിക്കോട് : സംരംഭകർക്കും പുതുതായി സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും വഴികാട്ടിയായും, ആശങ്കകളും അനുഭവങ്ങളും പങ്കുവെക്കാൻ അവസരമായും വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിന്റെ ‘കേരള യങ് ഒാൺട്രപ്രനേഴ്സ് കോൺക്ലേവ്-2026’. കാലിക്കറ്റ് ട്രേഡ് സെന്ററിൽ 1700- ഓളം സംരംഭകർ ഒരുമിച്ച വേദിയിൽ പാനൽ ചർച്ചകൾ, സംരംഭക വിജയം നേടിയവരുടെ അനുഭവങ്ങൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സെഷനുകൾ എന്നിവ നടന്നു.
റൈസിങ് ആൻഡ് ആക്സിലറേറ്റിങ് എം.എസ്.എം.ഇ. പെർഫോമൻസ് (റാംപ്) പദ്ധതിയുടെ ഭാഗമായി നടന്ന സംഗമം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. കെ. ജയന്ത് എം.എൽ.എ. അധ്യക്ഷനായി. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി.
വാണിജ്യ-വ്യവസായ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജി. രാജീവ്, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, എം.എസ്.എം.ഇ.ഡി.എഫ്.ഒ. തൃശ്ശൂർ അസിസ്റ്റന്റ് ഡയറക്ടർ സഫൂറ, കാനറാ ബാങ്ക് ജനറൽ മാനേജർ വിജയലക്ഷ്മി, കെ.എസ്.എസ്.ഐ.എ. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ, സി.ഐ.ഐ. കേരളം സ്റ്റേറ്റ് കൗൺസിൽ വൈസ് ചെയർമാൻ സന്തോഷ് കുമാർ, എഫ്.ഐ.സി.സി. പ്രതിനിധി ഷാജു തോമസ്, ഡി.ഐ.സി. കോഴിക്കോട് ജനറൽ മാനേജർ രഞ്ജിത് ബാബു എന്നിവർ സംസാരിച്ചു.
തൃശ്ശൂരിൽനിന്നുള്ള എട്ടാംക്ലാസുകാരി കനിഷ്ക, സഹോദരി മൂന്നാംക്ലാസുകാരി എകാൻഷ്ക എന്നിവർ തങ്ങളുടെ ‘ഏസ്തറ്റിക്’ എന്ന സംരംഭത്തിന്റെ ഭാഗമായി നിർമിച്ച ലിപ് ബാം, സോളിഡ് പെർഫ്യൂം, സോപ്പ് തുടങ്ങിയ ഉത്‌പന്നങ്ങൾ മന്ത്രിക്ക് കൈമാറി.
‘യങ് ഒാൺട്രപ്രനേഴ്സ്, ബിഗ് ആംബിഷൻസ്: കേരളംസ് റെഡിനസ് ഫോർ ദി നെക്സ്റ്റ് ബിസിനസ് റെവല്യൂഷൻ ആൻഡ് സസ്റ്റെയ്‌നബിലിറ്റി’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ഡോ. ലിയ കെ. മോഡറേറ്ററായി.
പി.എം.എ. സമീർ എം.എൽ.എ., അവെൻട്രാ മെഡ്ടെക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറും അക്സൽ മെഡിക്കൽ സി.ഇ.ഒ.യുമായ അസൈൻ മച്ചുങ്ങൽ, ഓറൻകോർ ഫൗണ്ടറും ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ഉപദേഷ്ടാവുമായ സംജാദ് മൂപ്പൻ, ഏഷ്യൻ സർജിക്കൽ മാനേജിങ് പാർട്ണർ അയേഷ ഗുൽഷൻ ഹര, റെവിൻ കൃഷി ഫൗണ്ടറും സി.ഇ.ഒ.യുമായ വി. ശ്രീഹരി എന്നിവർ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് വിവിധ സാങ്കേതിക സെഷനുകളും നടന്നു. പ്രമുഖ സ്റ്റാർട്ടപ്പുകൾ, സാങ്കേതികസ്ഥാപനങ്ങൾ, പ്രമുഖ ബാങ്കുകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ 45-ഓളം സ്റ്റാളുകളും ഒരുക്കിയിരുന്നു.