ഒന്ന് കുഴിയടച്ചുതരുമോ...

തലയോലപ്പറമ്പ് : തലയോലപ്പറമ്പ്-വൈക്കം റൂട്ടിൽ ചന്തയ്ക്കുള്ളിലൂടെ പാലാംകടവിലേക്ക് പോകുന്ന കെ.ആർ. റോഡ് ജങ്ഷനിൽ വൻ ഗർത്തം രൂപപ്പെട്ടിട്ട് നാളുകളേറെയായിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതോടെ പ്രദേശത്ത് അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഈ ഭാഗത്ത് ടൈൽസ് വിരിക്കുകയും ബാക്കിഭാഗത്ത് കോൺക്രീറ്റിങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, രാത്രിപെയ്ത മഴയിൽ സിമന്റും മണ്ണും ഒഴുകിപ്പോയി. നിലവിൽ കരിങ്കൽക്കഷണങ്ങൾമാത്രമാണ് കുഴികളിൽ ബാക്കിയുള്ളത്.
മഴപെയ്യുന്ന സമയങ്ങളിൽ മാത്രമാണ് പൊതുമരാമത്തുവകുപ്പ് ഇവിടെ അറ്റകുറ്റപ്പണി നടത്തുന്നതെന്നും വെയിൽ സമയങ്ങളിൽ പണി നടത്താറില്ലെന്നുമാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
അശാസ്ത്രീയമായ ഇത്തരം പ്രവൃത്തികളാണ് റോഡ് വീണ്ടും തകരാൻ കാരണമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. വർഷത്തിൽ കുറഞ്ഞത് മൂന്നുതവണയെങ്കിലും ഈ ഭാഗത്ത് പി.ഡബ്ല്യു.ഡി. അറ്റകുറ്റപ്പണി നടത്താറുണ്ട്. എന്നാൽ, ദിവസങ്ങൾക്കകം റോഡ് പഴയപടിയാകും. വലിയ വാഹനങ്ങൾ കുഴികളിൽ ചാടുമ്പോൾ റോഡിലെ കരിങ്കൽച്ചീളുകൾ സമീപത്തെ കടകളിലേക്കും മറ്റ് വാഹനങ്ങളിലേക്കും ശക്തിയിൽ തെറിച്ചുവീഴുന്നത് വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്.
വേഗത്തിലെത്തുന്ന ഇരുചക്രവാഹനയാത്രികർ പെട്ടെന്ന് കുഴി കണ്ട് ബ്രേക്കിടുമ്പോൾ വാഹനം മറിഞ്ഞുവീണ് അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം വെള്ളൂർ ഭവൻസ് സ്‌കൂളിലെ വാഹനം കുഴിയിൽവീണ് വാഹനത്തിന്റെ അടിഭാഗം തകർന്നിരുന്നു.
ഡ്രൈവർ മറവൻതുരുത്ത് സ്വദേശി അച്യുതവിലാസത്തിൽ അനിൽ കുമാറിന്റെ സമയോചിതമായ ഇടപെടൽമൂലമാണ് വലിയൊരു അപകടം ഒഴിവായത്. കെ.ആർ. റോഡ് ജങ്ഷനിലെ ഈ ദുരവസ്ഥയ്ക്ക് താത്കാലിക തട്ടിക്കൂട്ട് പണികൾക്കു പകരം ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.