നിയമപാഠം നേരിട്ടറിഞ്ഞ് സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ

​തലയോലപ്പറമ്പ് : നിയമ വ്യവസ്ഥകളെക്കുറിച്ചും പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും നേരിട്ടറിഞ്ഞ് തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ.

എസ്.പി.സി. പ്രവർത്തന കലണ്ടറിന്റെ ഭാഗമായുള്ള ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.) പഠനത്തിന്റെ ഭാഗമായാണ് കേഡറ്റുകൾ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്.

സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ നിന്നുള്ള 75 വിദ്യാർഥികൾ ആദ്യമായാണ് പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്നത്.

സ്റ്റേഷനിലെത്തിയ കേഡറ്റുകളെ തലയോലപ്പറമ്പ് എസ്.എച്ച്. സബ് ഇൻസ്പെക്ടർ കെ. ദിലീപ്കുമാർ, പി.ആർ.ഒ. പി.എസ്. രാധാകൃഷ്ണൻ, എ.എസ്.ഐ.മാരായ വി. സുജ, ബിന്ദുമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ. ദീപ്ത്, സി.പി.ഒ. മാരായ എസ്. ബിനു, കേഡറ്റുകളുടെ ഡ്രിൽ ഇൻസ്ട്രക്ടർ കൂടിയായ നീതു രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

​തുടർന്ന് സബ് ഇൻസ്പെക്ടർ കെ. ദിലീപ് കുമാർ വിദ്യാർഥികൾക്കായി പ്രാഥമിക നിയമങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

പി.ആർ.ഒ. പി.എസ്. രാധാകൃഷ്ണൻ സ്റ്റേഷനിലെ വിവിധ പ്രവർത്തന രീതികളും ജനസേവന സംവിധാനങ്ങളും കുട്ടികളോട് വിശദീകരിച്ചു.

കഴിഞ്ഞ ആഴ്ച കേഡറ്റുകൾ വൈക്കം മജിസ്ട്രേറ്റ് കോടതിയും മുൻസിഫ് കോടതിയും സന്ദർശിച്ചിരുന്നു.

അധ്യാപകരായ ടി.എസ്. ഫെബി, എസ്. നീതു എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.