സ്ഥലമുണ്ട് സ്വന്തം കെട്ടിടമില്ല

തലയോലപ്പറമ്പ് ആയുർവേദ ആശുപത്രി വാടകക്കെട്ടിടത്തിൽ
25 ലക്ഷം രൂപ അനുവദിച്ചുജോസ് വേലിക്കകംതലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ്
തലയോലപ്പറമ്പ് : പ്രവർത്തനം ആരംഭിച്ച് 17 വർഷം പിന്നിട്ടിട്ടും പഞ്ചായത്ത് ആയുർവേദ ആശുപത്രിക്ക് സ്ഥലമുണ്ടായിട്ടും സ്വന്തമായി കെട്ടിടമില്ല. വടയാർ മുട്ടുങ്കൽ ജങ്ഷനുസമീപം കൂർക്കത്തറ ഭാഗത്ത് ചോലങ്കേരി (പംങ്ക്ലായിൽ) ജോസഫ് അഞ്ചുസെന്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി എഴുതി നൽകിയിട്ട് നാളുകൾ ഏറെയായി. തലയോലപ്പറമ്പ്–വാഴമന റൂട്ടിൽ ഗ്രാമവണ്ടി സർവീസ് നടത്തുന്ന റോഡിനോട് ചേർന്നുള്ള സ്ഥലം ആശുപത്രി കെട്ടിടത്തിന് അനുയോജ്യവുമാണ്. എന്നിട്ടും നിർമിക്കുന്നില്ല.
2009-ൽ വടയാർ കള്ളാട്ടിപ്പുറം ഭാഗത്തെ വാടകക്കെട്ടിടത്തിലാണ് പഞ്ചായത്ത് ആയുർവേദ ആശുപത്രി തുടങ്ങിയത്. ചോർന്നൊലിക്കുന്ന കെട്ടിടത്തിലെ പ്രവർത്തനത്തിനൊടുവിൽ 2022-ൽ ഭൂതങ്കേരിയിൽ ക്ഷേത്രത്തിനുസമീപമുള്ള മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് മാറ്റി. ദിവസേന 45 മുതൽ 60 വരെ രോഗികളാണ് ഒ.പി. വിഭാഗത്തിലെത്തുന്നത്.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ നാഷണൽ ആയുഷ് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയ പദ്ധതികളിൽനിന്നുള്ള ഫണ്ട് കിട്ടുന്നതിനും പരിമിതികളുണ്ട്. പഞ്ചായത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലാണ് ആശുപത്രി. ഇതുമൂലം കിഴക്കൻ മേഖലകളിൽനിന്നുള്ളവർക്ക് ആശുപത്രിയിലെത്താൻ വലിയ യാത്രാദുരിതമാണ്. ഓട്ടോറിക്ഷയിൽ എത്താൻ ഏകദേശം 300 രൂപയോളം ചെലവാകും.
തലയോലപ്പറമ്പ് ടൗണിലോ സമീപപ്രദേശങ്ങളിലോ ആഴ്ചയിൽ രണ്ടുദിവസമെങ്കിലും പ്രവർത്തിക്കുന്ന ആയുർവേദ സബ് സെന്റർ ആരംഭിക്കണമെന്നത് ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ്.