കൈപ്പുഴമുട്ട് മഞ്ചാടിക്കരി പാലം: വിദഗ്ധസംഘം സാധ്യതാപഠനം നടത്തി

വൈക്കം : വെച്ചൂർ പഞ്ചായത്ത് ആറാം വാർഡിൽ വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മഞ്ചാടിക്കരിയിലേക്ക് പാലം നിർമിക്കുന്നതിന്റെ സാധ്യതകൾ പഠിക്കുന്നതിനായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം സ്ഥലത്തെത്തി സാധ്യതാപഠനം നടത്തി.
പ്രദേശവാസികളുടെ ദീർഘകാല ആവശ്യം കണക്കിലെടുത്ത് വാഹന ഗതാഗതയോഗ്യമായ പാലം നിർമിക്കുകയെന്ന ലക്ഷ്യത്തോടുകൂടി പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരമാണ് എൻജിനിയറിങ് വിഭാഗം പരിശോധന നടത്തിയത്. അസി. എക്സിക്യുട്ടീവ് എൻജിനീയർ പി.ആർ. രശ്മിരാജ്, അസി. എൻജിനിയർ അഞ്ജു മോഹനൻ, ഓവർസീയർ ശ്രീലത മോഹനൻ എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് സാധ്യതാപഠനത്തിന് കൈപ്പുഴമുട്ടിൽ എത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, വൈസ് പ്രസിഡന്റ് എൻ. അഭിഷേക്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈജു കുഞ്ഞുമോൻ, വാർഡ് മെമ്പർ മോഹൻദാസ് വെച്ചൂർ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. മഞ്ചാടിക്കരിയിലേക്ക് യാത്രാമാർഗമായി ഇട്ടിയേക്കാടൻകരി തോടിനു കുറുകേ കടത്തുചങ്ങാട സർവീസിന്റെ ഉദ്ഘാടനം കഴിഞ്ഞ 16-ന് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചിരുന്നു.
വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മോഹൻദാസ് വെച്ചൂർ പറഞ്ഞു.