മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം: കേസിൽ കുടുങ്ങി വികസനം

മറവൻതുരുത്ത് : വികസനപ്രവർത്തനങ്ങൾക്ക് സർക്കാർ ഒന്നരക്കോടി രൂപ അനുവദിച്ചിട്ടും മറവൻതുരുത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയകെട്ടിടം നിർമിക്കാനാകാതെ പ്രതിസന്ധി.
ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലത്തെ 25 സെന്റ് ഭൂമി കേസിൽ കുടുങ്ങിക്കിടക്കുന്നതാണ് വികസനത്തിന് പ്രധാന തടസ്സമാകുന്നത്.
നാലര പതിറ്റാണ്ടുമുൻപ് പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ആശുപത്രി പണിയുന്നതിനായി സ്വകാര്യവ്യക്തി 25 സെൻ്റ് സ്ഥലം സർക്കാരിന് വിട്ടുനൽകിയിരുന്നു.
ഇതിനായി പഞ്ചായത്തിന് സമ്മതപത്രം എഴുതിനൽകിയെങ്കിലും ഭൂമി പോക്കുവരവ് ചെയ്യാനോ, ആധാരം നടത്താനോ, കരം ഒടുക്കാനോ നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഈ വീഴ്ച മുതലാക്കി ഭൂമി, സർവീസ് സഹകരണബാങ്കിൽ ഈടുവെച്ച് ഇദ്ദേഹം വായ്പയെടുത്തു. പിന്നീട് ഇദ്ദേഹം ജീവിച്ചിരിക്കെതന്നെ ഭൂമി മകളുടെ ഭർത്താവിന്റെ പേർക്ക് ആധാരംചെയ്തു നൽകുകയും ചെയ്തു.
നിലവിൽ ഈ കേസ് കേരള ഹൈക്കോടതിയിലാണ്.1972 നവംബർ 22-നാണ് മറവൻതുരുത്ത് പഞ്ചായത്തിൽ ആദ്യമായി കുലശേഖരമംഗലത്ത് അലോപ്പതി ആശുപത്രി സ്ഥാപിതമായത്. എസ്.എൻ.ഡി.പി. കെട്ടിടത്തിൽ വാടകയ്ക്ക് ആയിരുന്നു ഗവ. ഡിസ്പൻസറി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് മറവൻതുരുത്തിൽ ഡിസ്പെൻസറിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനായി വിവിധ വ്യക്തികൾ വിട്ടുനൽകിയ സ്ഥലത്ത് 1981 മാർച്ച് 19-ന് പഞ്ചായത്ത് ഡയറക്ടറായിരുന്ന എം.സുബയ്യൻ ശിലാസ്ഥാപനം നടത്തി.
പ്രാഥമിക ആരോഗ്യകേന്ദ്രമായും കുടുംബാരോഗ്യകേന്ദ്രമായും വളർന്ന ആശുപത്രിയിൽ നിലവിൽ പ്രതിദിനം 200 മുതൽ 250 വരെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.
ശക്തമായ നിയമപോരാട്ടവുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ടു പോകണമെന്നും വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
ഞാൻ സാക്ഷി
46 വർഷങ്ങൾക്കുമുൻപ് മുൻ പഞ്ചായത്ത് അംഗമായിരുന്ന കെ.പി.നീലകണ്ഠപിള്ള, അധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന കെ.എസ്.കൃഷ്ണൻകുട്ടി നായർ, പിന്നെ ഞാനും. അങ്ങനെമൂന്നുപേരാണ് സാക്ഷികളായി ഒപ്പിട്ടത്. വർഷങ്ങൾക്കുശേഷം പൊതുപ്രവർത്തകർ ഈ സ്ഥലത്തിന്റെ അതിരുതിരിക്കാൻ ശ്രമിച്ചതിനെതുടർന്നുണ്ടായ കേസിൽ ഞാൻ ആറാം പ്രതിയായി.
കെ.വിജയലക്ഷ്മി
ആര്യങ്കോവിൽ,
മറവൻതുരുത്ത്.