ആമക്കുന്നിൽ സൗഹൃദത്തിന്റെ പാലം

എരുമേലി : മുൻ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസനഫണ്ടിൽനിന്നും 80 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ ആമക്കുന്ന് പാലം ഉദ്ഘാടനം നിർവഹിക്കാൻ മുൻ എം.എൽ.എ.യ്ക്കാണ് യോഗ്യതയെന്നും അതിനാൽ അദ്ദേഹം പാലം ഉദ്ഘാടനം ചെയ്യണമെന്നും നിലവിലുള്ള എം.എൽ.എ. എം.ജെ. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടതോടെ സൗഹൃദത്തിന്റെ പാതയിലേറി എരുമേലി ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം.

മുൻ എം.എൽ.എ. ഫണ്ട് അനുവദിച്ചതിനാലാണ് പാലത്തിന്റെ ഉദ്ഘാടനം സാധ്യമായതെന്നും അതിനാൽ ഉദ്ഘാടനം ചെയ്യാൻ അർഹൻ മുൻ എം.എൽ.എ. ആണെന്നും എം.ജെ. സെബാസ്റ്റ്യൻ പറഞ്ഞു. മുൻ എം.എൽ.എ.യും നിലവിലുള്ള എം.എൽ.എ.യും ചേർന്ന് നാടമുറിച്ചാണ് എരുമേലി വലിയ തോടിന് കുറുകേയുള്ള ആമക്കുന്ന് പാലം ഗതാഗതത്തിനായി തുറന്നത്. സമ്മേളനം മുൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.

15.5 മീറ്റർ നീളവും 12-അടിയിലേറെ വീതിയുമുള്ള പാലത്തിന് 80-ലക്ഷം രൂപയാണ് തുക അനുവദിച്ചിരുന്നത്. അഞ്ച് മാസം മുമ്പ് മുൻ എം.എൽ.എ.യാണ് തുക അനുവദിച്ച് പ്രവൃത്തികൾ ആരംഭിച്ചത്. പുതിയ എം.എൽ.എ. തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

45-വർഷം പഴക്കമുള്ള പാലം 2018, 2021-ലെ പ്രളയങ്ങളിൽ അപകടാവസ്ഥയിലാവുകയായിരുന്നു. അന്ന് പഞ്ചായത്ത് അംഗമായിരുന്ന ജെസ്‌ന നജീബ് പഞ്ചായത്ത് കമ്മിറ്റിയിൽ പാലത്തിന്റെ അപകടാവസ്ഥ അറിയിച്ച് എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയാണ് തുക അനുവദിക്കപ്പെട്ടത്. പഞ്ചായത്ത് ഭരണം മാറിയതോടെ തുടർ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അംഗം നാസർ പനച്ചി നേതൃത്വം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികളായ ആശാ ജോയി, സാറാമ്മ എബ്രഹാം, പി.ജി. സൂര്യകല, ബിനു മറ്റക്കര, പ്രകാശ് പുളിക്കൻ, നാസർ പനച്ചി, ഫാ.ഡെന്നീസ് പുതിയാപറമ്പിൽ, അനസ് പുത്തൻവീട്ടിൽ, സി.പി. മാത്തൻ ചാലക്കുഴി, അനിയൻ എരുമേലി തുടങ്ങിയവർ പ്രസംഗിച്ചു.