മേളത്തിൽ അലിഞ്ഞ്...പൂരംപോലെ...

മള്ളിയൂർ : ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഉപാസനഫലമായി മള്ളിയൂരിൽ കുടികൊള്ളുന്ന വൈഷ്ണവഗണപതിയുടെ ദർശനപുണ്യം തേടി വിനായക ചതുർഥി ദിനത്തിൽ മള്ളിയൂരിലെത്തിയത് ആയിരങ്ങൾ.
എട്ടുദിവസത്തെ വിനായക ചതുർഥി ഉത്സവം ചൊവ്വാഴ്ച ആറാട്ടോടെ കൊടിയിറങ്ങും. പുലർച്ചെ മുതൽ ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. സുഖദർശനം ലക്ഷ്യമിട്ട് ക്ഷേത്രത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. എങ്കിലും തിരക്കുമൂലം മണിക്കൂറുകൾ ഭക്തർ വരിനിൽക്കേണ്ടിവന്നു. പോലീസും സന്നദ്ധ പ്രവർത്തകരും തിരക്ക് നിയന്ത്രിക്കാൻ ഏറെ ശ്രമിക്കേണ്ടിവന്നു.
കുറുപ്പന്തറ കവലയിൽനിന്ന് മള്ളിയൂർ കവലവരെ വാഹനങ്ങളുടെ നിരയും നീണ്ടു. മള്ളിയൂർ കവലയിലെ കുഴികൾ ഭക്തരെ കഷ്ടപ്പെടുത്തിയ ഒപ്പം ഗതാഗത കുരുക്കിനും കാരണമായി.
അഷ്ടദ്രവ്യമഹാഗണപതിഹോമം
രാവിലെ അഞ്ചിന് 10,008 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം തുടങ്ങി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിലെ ഹോമകുണ്ഠത്തിൽ ഹോമം. രാവിലെ 11 മണിയോടെ പൂർത്തിയായി. ഗണപതിഹോമ ദർശനത്തിനും തിരക്കനുഭവപ്പെട്ടു.
വഴിപാട് സമർപ്പണത്തിലൂടെ ഭക്തരുടെ പങ്കാളിത്തവും ഏറിയിരുന്നു. ഇതനുസരിച്ച് നാളികേരത്തിന്റെ എണ്ണവും 10008-ലും കടന്നു. വഴിപാട് ചീട്ടാക്കിയവർക്ക് പ്രസാദം വിതരണം ചെയ്യുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
ഗജപൂജ, ആനയൂട്ട്
ഗജവീരനെ പ്രത്യക്ഷ ഗണപതിയായി സങ്കൽപ്പിച്ച് ഗജപൂജയും തുടർന്ന് ആനയൂട്ടും നടത്തി. തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ഗജപൂജ. പാമ്പാടി രാജൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ ഉൾപ്പെടെ കേരളത്തിലെ 13 ഗജവീരന്മാർ പങ്കെടുത്തു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി പാമ്പാടി രാജന് ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കമിട്ടു. മള്ളിയൂർ ദിവാകരൻ നമ്പൂതിരി നേതൃത്വം നൽകി.
ഗുരുവായൂർ ബൽറാം, തിരുവാണിക്കാവ് രാജഗോപാൽ, പാമ്പാടി സുന്ദരൻ, കാളിയാർമഠം ശേഖരൻ, ഇത്തിത്താനം വിഷ്ണുനാരായണൻ, കുളമാക്കിൽ പാർഥസാരഥി, മച്ചാട് ശ്രീഅയ്യപ്പൻ, പരിമണം വിഷ്ണു, വാഴപ്പിള്ളി മഹാദേവൻ, വേമ്പനാട് അനന്തപത്മനാഭൻ, മഹാലക്ഷ്മി കുട്ടികൃഷ്ണൻ എന്നീ ആനകളും വിനായക ചതുർഥി ആഘോഷങ്ങളിൽ അണിനിരന്നു.
പെരുവനവും മട്ടന്നൂരും
മള്ളിയൂർ : പെരുവനം കുട്ടൻ മാരാരുടെ പ്രമാണിത്തത്തിൽ 120-ലേറെ കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളം രാവിലെ അരങ്ങേറി. വൈകീട്ട് കാഴ്ചശ്രീബലിയും വലിയവിളക്കും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും പാറമേക്കാവിന്റെ കുടമാറ്റവും അരങ്ങേറി. രാത്രി പള്ളിവേട്ടയും നടന്നു.
പിറന്നാൾസദ്യ കഴിച്ച് പതിനായിരങ്ങൾ
വിനായക ചതുർഥിദിനത്തിൽ ഒരുക്കിയ വിപുലമായ സദ്യയിൽ ഇരുപതിനായിരത്തിലേറെ ഭക്തർ പങ്കെടുത്തു. ആറാട്ടുദിനമായ ചൊവ്വാഴ്ച ആറാട്ടുസദ്യയും നടക്കും.
ഗണപതിയെ ദർശിക്കാൻ പ്രമുഖരുടെ നിരയും
വിനായക ചതുർഥി ദിനത്തിൽ വൈഷ്ണവഗണപതിയെ ദർശിക്കാൻ പ്രമുഖരും എത്തി.
ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി, ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ, സംവിധായകൻ ഷാജി കൈലാസ് തുടങ്ങിയവർ ദർശനം നടത്തി.
വിനായക ചതുർഥി: മള്ളിയൂരിലിന്ന്
വിശേഷാൽ പൂജകൾ 6.00, കൊടിയിറക്ക്, ആറാട്ട് 4.30, മള്ളിയൂർ ഇല്ലത്ത് ഇറക്കിപ്പൂജ, ക്ഷേത്രത്തിൽ ആറാട്ട് സ്വീകരണം. നാഗസ്വരം- വൈക്കം ഹരീന്ദ്രശ്യാം, തവിൽ-ക്ഷേത്രകലാപീഠം നന്ദനു, പാണ്ടിമേളം-രാമപുരം ബാലാജി ശ്രീകുമാർ വാരിയർ 6.30, ആറാട്ടുസദ്യ 7.30
ഗണേശമണ്ഡപത്തിൽ
ഭരതനാട്യം-ആർ.എൽ.വി. നിബിൻ ബാബുവിന്റെ നേതൃത്വത്തിൽ ശ്രീഭദ്ര നൃത്തവിദ്യാലയം അരയങ്കാവ് 7.00, ഗൗരിനന്ദ എം.ആർ., തൃപ്പൂണിത്തുറ രമ നൃത്ത വിഹാർ 7.50, എറണാകുളം എം.എസ്. റെനീഷ്യ 8.40, ചോറ്റാനിക്കര ആർ.എൽ.വി. ആർച്ച ഗോപി 9.25, ബാംഗ്ലൂർ അപർണ 10.15, ചെന്നൈ നേഹവർഷിണി 11.05, ചെന്നൈ ശ്രേയ അനിൽ 12.10, തിരുവാതിര-ചോറ്റാനിക്കര തന്മയി തിരുവാതിര സംഘം 1.15, നാമസങ്കീർത്തനം-കോഴിക്കോട് പ്രശാന്ത് വർമ 5.30.