എരുമേലിയിൽ തീർഥാടകർക്ക് കണ്ടുമടങ്ങാൻ ഒരു കെട്ടിടം

എരുമേലി : എരുമേലിയിൽ സർക്കാർ ഫണ്ടിൽ അഞ്ച് വർഷം മുമ്പ് തീർഥാടകർക്കായി നിർമാണോദ്ഘാടനം നടത്തിയ കെട്ടിടം ഇനിയും തുറന്നുകൊടുത്തിട്ടില്ല. 14.5 കോടി മുടക്കി ഇടത് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ട് ഉദ്ഘാടനം നടത്തി. എന്നാൽ, കെ.എസ്.ഇ.ബി.യുടെയും അഗ്നിരക്ഷാ സേനയുടെയും എൻ.ഒ.സി. കിട്ടാതെയായിരുന്നു ഉദ്ഘാടന മാമാങ്കം. വീണ്ടുമൊരു തീർഥാടനകാലംകൂടി എത്തുമ്പോൾ കോടികൾ മുടക്കി നിർമിച്ച കെട്ടിടം ഇപ്പോൾ ഭക്തരോടുള്ള അവഗണനയുടെ നേർസാക്ഷ്യമാണ്. അന്നദാനമണ്ഡപം, ഭക്തർക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള ഇടം, ശൗചാലയം, പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യമുള്ള കെട്ടിടമാണിത്. എന്നാൽ, അഗ്നിരക്ഷാസേന, ഭക്ഷ്യവകുപ്പ്, കെ.എസ്.ഇ.ബി. എന്നീ വകുപ്പുകളുടെ എൻ.ഒ.സി. കിട്ടിയിട്ടില്ല. വൈദ്യുതി കണക്ഷനും ആയിട്ടില്ല.
കെട്ടിടസമുച്ചയം ദേവസ്വം ബോർഡിന് കൈമാറിട്ടില്ല.പദ്ധതിയുടെ ഫണ്ട് സർക്കാർ പൂർണമായി നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കമ്പനിക്ക് കൈമാറിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
നിർമാണം പൂർത്തിയാക്കിയിട്ടും പ്രശ്നങ്ങൾ പരിഹരിച്ച് കെട്ടിടം ദേവസ്വം ബോർഡിന് കൈമാറാത്തത് തീർഥാടകരോടുള്ള അവഗണനയാണെന്ന് ഭക്തർ പറയുന്നു.