ചങ്ങാടമല്ല...പാലം വേണം... വെച്ചൂരിൽ കടത്തുചങ്ങാടം ഉദ്ഘാടനത്തിന് എത്തിയവരെ തടഞ്ഞു

# ചുറ്റും വെള്ളം
# 40 കുടുംബങ്ങളാണ് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മഞ്ചാടിക്കരിയിൽ താമസിക്കുന്നത്
# തെക്കുവശത്ത് കൈപ്പുഴയാറും അതിന്റെ കൈവഴിയായ ഇട്ടിയേക്കാടൻ തോട് പടിഞ്ഞാറുവശത്തും കിഴക്കുവശം ചെറുവള്ളിക്കരി തോടും വടക്കുവശം വലിയപുതുക്കരി തോടുമാണുള്ളത്
# ഇട്ടിയേക്കാടൻ തോടിന് കുറുകേ പാലം വേണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സമരങ്ങളും നടന്നിട്ടുണ്ട്
# പാലത്തിനായി എം.എൽ.എ. ഫണ്ടിൽനിന്ന് തുക അനുവദിച്ചെങ്കിലും മുടങ്ങി
വൈക്കം : വെച്ചൂർ പഞ്ചായത്തിലെ ആറാം വാർഡിൽ കൈപ്പുഴമുട്ടിൽനിന്ന് മഞ്ചാടിക്കരി ഭാഗത്തേക്ക് ഇട്ടിയേക്കാടൻ തോടിനു കുറുകേ കടത്തുചങ്ങാടം ഇടാനുള്ള പഞ്ചായത്തിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. കടത്തുചങ്ങാടമല്ല വേണ്ടതെന്നും തോടിന് കുറുകേ പാലമാണ് വേണ്ടതെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ കടത്തുചങ്ങാടത്തിന്റെ ഉദ്ഘാടനം നടത്താനാവാതെ പഞ്ചായത്ത് അധികൃതർ മടങ്ങി.
തിങ്കളാഴ്ച രാവിലെ 11-നാണ് കൈപ്പുഴമുട്ടിൽ ചങ്ങാടത്തിന്റെ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, സെക്രട്ടറി പി. അജയകുമാർ അടക്കമുള്ളവർ സ്ഥലത്തെത്തിയപ്പോഴാണ് പ്രതിഷേധവുമായി മഞ്ചാടിക്കരി നിവാസികളെത്തിയത്.പാലം നിർമിക്കാമെന്ന ഉറപ്പ് നൽകിയാലെ കടത്തുചങ്ങാടത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കൂവെന്നും നാട്ടുകാർ പറഞ്ഞു. ഇതോടെ ചങ്ങാടത്തിന്റെ ഉദ്ഘാടനം മറ്റൊരുദിവസം നടത്താമെന്ന ധാരണയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരികെപ്പോന്നു.
തോണിയും മോശം
കൈപ്പുഴമുട്ടിൽനിന്ന് മഞ്ചാടിക്കരിയിലേക്ക് യാത്രചെയ്യാൻ ചെറിയ തോണിയുണ്ടെങ്കിലും അത് കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായതിനാലാണ് കടത്തുചങ്ങാടം തയ്യാറാക്കിയതെന്ന് പഞ്ചായത്തംഗം മോഹൻദാസ് വെച്ചൂർ പറഞ്ഞു.
മഞ്ചാടിക്കരി നിവാസികളുടെ പരാതികൾ ചർച്ചചെയ്തശേഷം പ്രദേശവാസികളുടെ സഹകരണത്തോടെ ചങ്ങാട സർവീസിന്റെ ഉദ്ഘാടനം നടത്തുമെന്നും പഞ്ചായത്തംഗം പറഞ്ഞു.