ജലവിതരണ പദ്ധതികളിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടു; നദികളിലെ മണൽത്തിട്ട നീക്കംചെയ്യും

മുണ്ടക്കയം : മണിമലയാർ, പുല്ലകയാർ എന്നിവിടങ്ങളിലെ ശുദ്ധജലവിതരണ പദ്ധതികളുടെ കിണറുകളിലേക്കുള്ള

ഒഴുക്ക് തടസ്സപ്പെടുത്തുന്ന മണൽത്തിട്ടകൾ നീക്കംചെയ്യാൻ നടപടി ഉണ്ടാകും.

ഇത്തരത്തിൽ രൂപപ്പെട്ട മണൽമൂലം വേലനിലം കുടിവെള്ളപദ്ധതിയിലേക്കും മുണ്ടക്കയത്ത് ജലഅതോറിറ്റിയുടെ കിണറിലേക്കുമുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞത് പമ്പിങ്ങിനെയും ജലവിതരണത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു.

മണിമലയാറ്റിലെ മുണ്ടക്കയം ചെക്ക്ഡാമിലെ ജല അതോറിറ്റിയുടെ കിണറിന് സമീപത്തെ മണൽ നീക്കുന്നതിന് ശുപാർശ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ എല്ലാ നദികളിൽനിന്നു വെള്ളപ്പൊക്കം ഉണ്ടാകുവാൻ ഇടയുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ള അപകടങ്ങൾക്കോ ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിലയിലോ ഉള്ള മണൽത്തിട്ടകൾ നീക്കംചെയ്യാൻ സർക്കാർ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മണൽ നീക്കംചെയ്യും.