ഓണറേറിയം ജനങ്ങൾക്ക്; വയോജനങ്ങൾക്ക് ഉല്ലാസയാത്ര

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ടൗണിൽ പോലീസ് സ്റ്റേഷനു സമീപം ശീതീകരിച്ച രണ്ട് ടൂറിസ്റ്റ് ബസുകൾ വന്നുനിന്നപ്പോൾ അതൊരു പതിവ് വിനോദയാത്രയുടെ തുടക്കമായിരുന്നില്ല. ബസുകളിലേക്ക് ആഹ്ലാദത്തോടെയും നിറഞ്ഞ ചിരിയോടെയും കയറിയത് 70 വയോധികർ.

കെ. ബിനിമോൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തതോടെ കളിയും ചിരിയും പാട്ടും വിശേഷങ്ങളുമായി രണ്ട് ബസുകളും ആലപ്പുഴയിലേക്ക് യാത്രതിരിച്ചു.

ഏതെങ്കിലും വൃദ്ധസദനത്തിൽ നിന്നോ പകൽവീട്ടിൽനിന്നോ ഉള്ള കാഴ്ചയായിരുന്നില്ല ഇത്.

തലയോലപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ സമീൽ ഇബ്രാഹിം തന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം പാലിച്ച് വാർഡിലെ വയോജനങ്ങൾക്കായി ഒരുക്കിയ ഏകദിന വിനോദയാത്രയായിരുന്നു.

60 വയസ്സ് കഴിഞ്ഞ മുഴുവൻ വാർഡ് അംഗങ്ങൾക്കും എല്ലാ വർഷവും ഉല്ലാസയാത്ര സംഘടിപ്പിക്കുമെന്ന വാഗ്ദാനമാണ് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ യാഥാർഥ്യമാക്കിയത്.

വാർഡിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി സ്വന്തം സേവനവേതനം (ഓണറേറിയം) പൂർണമായും മാറ്റിവെച്ചുള്ള പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാവുകയാണ് സമീൽ ഇബ്രാഹിം.

സർക്കാരും ത്രിതല പഞ്ചായത്തുകളും നൽകുന്ന പതിവ് ആനുകൂല്യങ്ങൾക്കപ്പുറം വാർഡിന് സ്വന്തമായൊരു വികസന-ക്ഷേമ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം.

അധിക സേവനങ്ങളും പുതിയ സംരംഭങ്ങളും ഉൾപ്പെടുത്തിയ പ്രകടനപത്രിക ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥിയായി സമീൽ ഇബ്രാഹിം ഒന്നാം വാർഡിൽ ജനവിധി തേടിയത്.

തിരഞ്ഞെടുപ്പുകാലത്ത് നൽകിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ മാത്രം അവശേഷിക്കാതെ ജനജീവിതത്തിൽ അനുഭവവേദ്യമാക്കുകയാണ് സമീൽ എന്ന പഞ്ചായത്തംഗം.

പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവ് തെളിയിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'മെമ്പർ എക്സലൻസ് അവാർഡ്' ഏർപ്പെടുത്തിയിട്ടുണ്ട്.

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, പി.ജി. തലങ്ങളിൽ മികച്ചവിജയം നേടുന്നവരെയും കലാ-കായിക പ്രതിഭകളെയും ഗ്രാമസഭയിൽ ആദരിച്ച് കാഷ് അവാർഡുകൾ നൽകുന്നു.

സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലെത്തും

:സാധാരണക്കാർക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഒന്നാം വാർഡിൽ പ്രത്യേക സംവിധാനമായി കോൾ സെൻറർ ഒരുക്കിയിട്ടുണ്ട്.

കിടപ്പുരോഗികൾക്കും മറ്റ്‌ നിർധനരായ രോഗികൾക്കും സഹായ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നു.

വാർഡിലെ ജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ 15 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ വീടുകളിലെത്തിച്ചുനൽകുന്ന സംവിധാനവും പ്രവർത്തിക്കുന്നു.