പെരുവന്താനം ജങ്ഷനിലെ മൺതിട്ട; അപകടഭീഷണി

മുണ്ടക്കയം ഈസ്റ്റ് : ദേശീയപാതയിൽ പെരുവന്താനം ജങ്ഷന് സമീപം പാതയോരത്തെ മൺതിട്ട കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും അപകട ഭീഷണിയാകുന്നു.
രണ്ടുവർഷം മുൻപ് കനത്തമഴയിൽ ഇടിഞ്ഞുവീണ മൺതിട്ട സൗകര്യാർഥം റോഡിന്റെ എതിർവശത്ത് കൂട്ടിയിട്ടതാണ് മൺകൂനയായി മാറിയത്.
വീതികുറഞ്ഞതും വളവുള്ളതുമായ റോഡിലൂടെ നടന്നുവരുന്നവർ അതിവേഗത്തിൽ ഇരുവശങ്ങളിൽനിന്നും വാഹനങ്ങൾ എത്തുമ്പോൾ വണ്ടി തട്ടാതിരിക്കാൻ മൺതിട്ടയിൽ കയറുന്നതാണ് അപകടത്തിനിടയാകുന്നത്.
മൺതിട്ടയിൽ മഴപെയ്ത് രൂപംകൊണ്ട മണൽത്തരികളിൽ ചവിട്ടുന്നതോടെ തിട്ടയിൽനിന്ന് കാൽവഴുതി പലരും റോഡിൽ വീണിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽ പെടാതെ മിക്കവരും രക്ഷപ്പെട്ടത്.
മന്ത്രിക്ക് പരാതി നൽകി
പൊതുമരാമത്ത് വകുപ്പുമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കാണുമ്പോൾ ചെറിയ മൺതിട്ട ആണെങ്കിലും ഇതുവഴി യാത്രചെയ്യാൻ തടസ്സമാണ്. അടിയന്തരമായി അധികൃതരുടെ നടപടി ഉണ്ടാകണം.
പി.എസ്. അൻസാർ, പെയിൻറ് വ്യാപാരി
വണ്ടി തട്ടാതെ രക്ഷപ്പെട്ടു
ഞാൻ എല്ലാ ദിവസവും ഇതുവഴി നടന്നാണ് വരുന്നത്. ഒരുതവണ കിഴക്ക് ഭാഗത്തുനിന്ന് ടാങ്കർ ലോറിയും പടിഞ്ഞാറ് ഭാഗത്തുനിന്ന് കെ.എസ്.ആർ.ടി.സി. ബസും എത്തിയതോടെ ഭയന്ന് മൺതിട്ടയിൽ കയറിയ ഞാൻ തെന്നി വീണു. ബസ് നിർത്തിയത് ഭാഗ്യമായി.ഇപ്പോൾ പോലും ഇതുവഴി നടന്ന് യാത്രചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ശബരിമല തീർഥാടന കാലത്ത് യാത്ര കൂടുതൽ ബുദ്ധിമുട്ടാകും. സ്കൂൾ കുട്ടികളാണ് കൂടുതലും തിട്ടയിൽ കയറിവീഴുന്നത്. നടപടി ഉണ്ടാകണം.
ജി. പ്രവീൺകുമാർ, സ്വകാര്യ ബാങ്ക് ജീവനക്കാരൻ