കുത്തിപ്പൊളിച്ചു; നന്നാക്കിയില്ല

പാലാ : പാലാ-ഏഴാച്ചേരി-രാമപുരം റോഡിലെ മുണ്ടുപാലംമുതൽ കരൂർവരെയുള്ള ഭാഗം പൊട്ടിത്തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും നടപടിയില്ല. കെ.എസ്.ഇ.ബി.യുടെ കേബിൾപണികളുടെ ഭാഗമായി ഒരുവർഷംമുൻപ് റോഡരിക് കുത്തിപ്പൊളിച്ചു.
പിന്നീട് പലതവണകളായി വീണ്ടും കുത്തിപ്പൊളിക്കുകയും ചെയ്തു. ഈ റോഡിലൂടെ യാത്ര അപകടകരമായ അവസ്ഥയിലായിരിക്കുകയാണ്. ബസുകളും വലിയ ടോറസുകളും സ്ഥിരമായി ഓടുന്ന ഈ റോഡിൽ സൈഡ് കൊടുക്കുമ്പോൾ ചെറിയ വാഹനങ്ങളായ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും കുഴികളിലേക്ക് ചാടി അപകടങ്ങൾ സംഭവിക്കുകയാണ്.
മാത്രമല്ല, കനത്ത മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതും റോഡിലെ ചെളിയും അപകടസാധ്യത വർധിപ്പിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന വെള്ളഞ്ചൂർ ഭാഗത്ത് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. റോഡിന്റെ പല വളവുകളിലും അപകടകരമായ അവസ്ഥ നിലനിൽക്കുകയാണ്.
മൂന്നുമാസത്തേക്കാണ് കെ.എസ്.ഇ.ബി. നിർമാണപ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിനോട് അനുമതി ചോദിച്ചത്. വർഷം ഒന്നായിട്ടും റോഡ് നവീകരിക്കാൻ നടപടിയില്ല.
പണി തീർന്നെന്നുകാണിച്ച് കെ.എസ്.ഇ.ബി. അധികൃതർ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ, പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുത്ത് പരിഹാരം കാണണമെന്ന് പാലാ പൗരാവകാശസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി കളരിക്കൽ അധ്യക്ഷത വഹിച്ചു.
പഴിചാരൽ നിർത്തണം
കെ.എസ്.ഇ.ബി.യും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരുന്നത് നിർത്തണം. അപകടകരമായി കിടക്കുന്ന റോഡ് നന്നാക്കാൻ അധികൃതർ നടപടിയെടുക്കണം. അനാസ്ഥയ്ക്ക് ഇരയാകുന്നത് സാധാരണക്കാരാണ്.
-വിനോദ് കാടൻകാവൽ, വെള്ളഞ്ചൂർ, കരൂർ