കുസാറ്റിലെ നേതാക്കളെ സസ്പെൻഡ് ചെയ്ത സിൻഡിക്കേറ്റ് നടപടി തികച്ചും ജനാധിപത്യ വിരുദ്ധം: അസോസിയേഷൻ

കോട്ടയം : കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ ഉൾപ്പെടെ കുസാറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളായ എ.എസ്. സിനേഷ്, അനൂറിൻ സലീം, പി.എം. ശിവദാസ് എന്നിവരെ യു.ഡി.എഫ്. സിൻഡിക്കേറ്റ് സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സർവകലാശാലയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

വർഷങ്ങൾക്കുമുമ്പ് കുസാറ്റിൽ നടന്ന സ്വീപ്പർ നിയമനവുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന്റെ മറവിൽ, സർവകലാശാലാ മാനദണ്ഡങ്ങൾ പാലിക്കാതെയും തെറ്റായ നടപടിക്രമങ്ങളിലൂടെയുമാണ് നേതാക്കളെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന്‌ സംഘടന ആരോപിച്ചു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി അസോസിയേഷൻ മുന്നോട്ടുപോകുമെന്നും എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്. സുരേഷ് അഭിപ്രായപ്പെട്ടു.

അസോസിയേഷൻ വൈസ് പ്രസിഡന്റ് എ. സ്വപ്ന അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ജോയിന്റ് സെക്രട്ടറി കെ.ടി. രാജേഷ് കുമാർ, ജിതിൻ സച്ചിദാനന്ദൻ എന്നിവർ പ്രസംഗിച്ചു.