കാരുണ്യംതൊട്ട് ഈ വീട്ടമ്മമാർ

കാഞ്ഞിരപ്പള്ളി : രോഗികൾക്കും ആരോരുമില്ലാത്തവർക്കും ആശ്രയമായ രണ്ട് പേർ. കുന്നുംഭാഗം മെഹറോസ് കണ്ണമ്പ്രാ മെഹർ ഫിറോസ്, ചേറാടിൽ സജിതാ ഷാജി എന്നിവരാണ് അശരണർക്ക് ആശ്വാസമായി പ്രവർത്തിക്കുന്നത്. അർഹരായവരെ കണ്ടെത്തി സഹായം നൽകി തുടങ്ങിയിട്ട് എട്ട് വർഷം പിന്നിടുന്നു. നിർധനരായ രോഗികൾക്ക് മരുന്നുവാങ്ങാൻ സഹായം, അർഹരായവർക്ക് മാസത്തിലൊരിക്കൽ ഭക്ഷണക്കിറ്റ് വിതരണം എന്നിവ ചെയ്യുന്നു. ആരോരുമില്ലാത്ത കിടപ്പുരോഗികളെ ആളെനിർത്തി ശുശ്രൂഷിക്കുന്നതിനും കൈത്താങ്ങാണ്. ഇതോടൊപ്പം നിരവധി വീടുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായും സഹായം നൽകുന്നുണ്ട്. നിലവിൽ എട്ടാം ക്ലാസ് മുതൽ 12-ാംക്ലാസ് വരെയുള്ള 21 വിദ്യാർഥികൾക്ക് സൗജന്യ ട്യൂഷനും നൽകുന്നുണ്ട്. മികച്ച രീതിയിൽ പഠിക്കുന്നവർക്ക് മുൻപോട്ടുള്ള പഠനത്തിനുള്ള സഹായവും ഏറ്റെടുക്കുവാനും ഇവർ ലക്ഷ്യമിടുന്നുണ്ട്. ഇതോടൊപ്പം 10 ജി.എൻ.എം. നഴ്‌സിങ് വിദ്യാർഥികൾക്ക് പഠിക്കാൻ സഹായം നൽകുന്നുണ്ട്. കാരുണ്യ പ്രവർത്തനങ്ങൾക്കായി കുടുംബത്തിൽനിന്ന് ലഭിക്കുന്ന സഹായവും സുമനസ്സുകളുടെയും സഹായത്തോടെയുമാണ് പ്രവർത്തനം. കിങ്ഡം ഓഫ് ഗോഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ട്രഷറാണ് സജിതാ ഷാജി. കാഞ്ഞിരപ്പള്ളി സ്വരുമയുടെ ജോയിന്റ് സെക്രട്ടറിയാണ് മെഹർ ഫിറോസ്. കാരുണ്യസ്പർശം എന്ന പേരിൽ കഴിഞ്ഞ എട്ടുവർഷമായി കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ് ഇവർ സഹായമെത്തിച്ചുനൽകുന്നത്.