രാമപുരത്തിനുവേണം ബൈപ്പാസ്‌

2010-ൽ ബൈപ്പാസിനുള്ള പണികൾ തുടങ്ങിയെങ്കിലും നിലച്ചു

രാമപുരം : പാലാ-കൂത്താട്ടുകുളം റോഡിലെ പ്രധാന ടൗണുകളിലൊന്നായ രാമപുരത്തിന് ബൈപ്പാസ് വേണമെന്ന ആവശ്യത്തിന് ഒന്നരപ്പതിറ്റാണ്ടിന്റെ പഴക്കം. വിവിധ ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും തീർഥാടകരെത്തുമ്പോൾ ടൗണിൽ തിരക്കേറെയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കുവാൻ ബൈപ്പാസിന് പദ്ധതിയിട്ടിരുന്നു. ഉദ്ഘാടനവും നടത്തി. എന്നാൽ പദ്ധതി പൂർത്തിയായില്ല.

ടൗൺ ഒഴിവാക്കിയാണ് രണ്ടുകിലോമീറ്റർ ദൂരത്തിൽ പദ്ധതി വിഭാവനംചെയ്തത്. വെള്ളിലാപ്പിള്ളി പാലത്തിന് സമീപത്തുനിന്നും തിരിഞ്ഞ് പുതുവേലിതോടിന്റെ തീരംവഴി അമ്പലം ജങ്ഷനിൽ എത്തി വീണ്ടും പാലാ-കൂത്താട്ടുകുളം റോഡിൽ പ്രവേശിക്കുംവിധമാണ് പദ്ധതി.

2010-ൽ ബൈപ്പാസിനുള്ള പണികൾ തുടങ്ങി. റോഡിനു വേണ്ടി ഏതാനും ആളുകളുടെ സ്ഥലങ്ങൾ ഏറ്റെടുത്തു. തോടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലൂടെയാണ് റോഡ് നിർമിക്കുവാൻ തുടക്കമിട്ടത്. വില്ലേജ് അധികൃതർ തോട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തിയിരുന്നു. തോടിന്റെ തീരത്ത് കല്ലുകെട്ടിയും തോടിന് ആഴംകൂട്ടിയും മണ്ണെടുത്ത് റോഡിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ നിരത്തിയിരുന്നു. എന്നാൽ തുടർ നടപടികൾ നിലച്ചു. ഇവിടെ റോഡ് നിർമിക്കുവാൻ ആവശ്യമായ തോട് പുറമ്പോക്ക് എല്ലാ സ്ഥലങ്ങളിലുമുണ്ട്. പാടശേഖരങ്ങളുടെ ഏതാനും ഭാഗങ്ങൾകൂടി ഏറ്റെടുത്താൽമാത്രമേ നിർമാണം പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ.

സമീപകാലത്ത് റോഡ് സംബന്ധിച്ച ശ്രമങ്ങൾക്ക് പഞ്ചായത്ത് തുടക്കമിട്ടു. സർക്കാരിന്റെ പദ്ധതിയിലുൾപ്പെടുത്തി നിർമാണം നടത്തുവാനാണ് പഞ്ചായത്തിന്റെ ശ്രമം.

ബൈപ്പാസ് യാഥാർഥ്യമാക്കണം

രാമപുരം ടൗണിലെ ഗതാഗതത്തിരക്കിന് ശാശ്വത പരിഹാരമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമാണ്. ബൈപ്പാസ് യാഥാർഥ്യമായാൽ തിരക്കേറുന്ന സമയങ്ങളിൽ വൺവേയാക്കാം. പ്രത്യേകിച്ച് നാലമ്പല തീർഥാടനകാലത്ത്.

-റെജികുമാർ രാമപുരം

രാമപുരം കാത്തിരിക്കുന്നു

നാലമ്പലവും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനാൽ പ്രസിദ്ധമായ രാമപുരം പള്ളിയിലും ദർശനം നടത്തുവാൻ വിവിധ സ്ഥലങ്ങളിൽനിന്ന് ധാരാളം തീർഥാടകർ എത്തുന്നതിനാൽ പലപ്പോഴും ഗതാഗത തടസ്സങ്ങൾ ഉണ്ടാവുന്നു. ബൈപ്പാസിന് ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.

-സി.ജി. വിജയകുമാർ