മാനം കറുത്താൽ മനമുരുകും

വെള്ളക്കെട്ടിൽ വലഞ്ഞ് കുടുംബങ്ങൾ
കാണക്കാരി : മാനം കറുത്താൽ മനമുരുകുന്ന നാട്. മുടയ്ക്കനാട്ട് റെയിൽവേലൈൻ റോഡിലെ വെള്ളക്കെട്ടാണ് 12, 16 വാർഡുകളിലെ 150 കുടുംബങ്ങളെ വലയ്ക്കുന്നത്. വെള്ളക്കെട്ടുകാരണം കാൽനടയാത്രപോലും അസാധ്യമാണ്. തുലാവർഷമടുത്തതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.
റോഡിനു സമീപത്തെ വ്യക്തി മതിൽ കെട്ടിയതിനെത്തുടർന്ന് നീർച്ചാൽ അടയാതിരിക്കാൻ മതിലിനടിയിൽക്കൂടി വെള്ളമൊഴുകാൻ പൈപ്പിട്ടിരുന്നു.
റോഡിന് കിഴക്കുവശത്തെ റബ്ബർമരം വെട്ടി സ്ഥലം നികത്തിയപ്പോൾ ഒരുവശത്തേക്ക് ചരിച്ചിട്ടതിനാൽ, അമിതമായി വെള്ളം റോഡിലേക്കൊഴുകിയതും വെള്ളക്കെട്ടിനു കാരണമായി. വെള്ളക്കെട്ടിൽ കല്ലുകൾ ഇട്ടതോടെ മതിലിനടിയിൽക്കൂടി ഇട്ടിരുന്ന പൈപ്പ് മൂടിപ്പോയി. വെള്ളം ഒഴുകിപ്പോകാൻ മാർഗം ഇല്ലാതായി. സ്കൂൾക്കുട്ടികൾ ഉൾപ്പെടെ വെള്ളത്തിൽക്കൂടിവേണം പോകാൻ. രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾപോലും വെള്ളക്കെട്ടിൽ കുരുങ്ങുകയാണ്. 10 അടി വീതിയും 350 മീറ്റർ നീളവുമുള്ള റോഡ് ഉപയോഗിക്കുന്നത് 150 കുടുംബങ്ങളാണ്. പ്രദേശവാസികൾ നൽകിയ നിവേദനത്തെതുടർന്ന് റോഡ് ലെവൽചെയ്ത് താത്കാലികമായി സഞ്ചാരയോഗ്യമാക്കാമെന്ന് പഞ്ചായത്ത് അധികൃതർ സമ്മതിച്ചിരുന്നതാണ്. ഇതിനായി 10,000 രൂപയും നൽകി. നാട്ടുകാർ പിരിവെടുത്ത് 47,000 രൂപ ചെലവിട്ടെങ്കിലും പഴയ അവസ്ഥയ്ക്ക് മാറ്റമില്ല. പ്രധാന റോഡിലേക്ക് എത്തുന്നതിന് ഉപയോഗിക്കുന്ന റോഡാണിത്. ഇവർക്ക് മറ്റൊരു വഴിയുമില്ല. വെള്ളക്കെട്ടിലൂടെ സ്ഥിരമായി നടന്ന് അസുഖബാധിതരായ കുട്ടികളുമുണ്ട്.
റോഡിന്റ താഴ്ന്നഭാഗങ്ങൾ മണ്ണിട്ടുനികത്തി ലെവൽചെയ്ത് ടാർ ചെയ്താലേ പരിഹാരമാകൂ. അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിെല്ലങ്കിൽ കടുത്ത സമരപരിപാടികൾ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.