പറച്ചിലല്ല, പ്രവൃത്തിയാണ്

കടുത്തുരുത്തി : സർക്കാർ ഫണ്ട് വേണമെന്നുവെച്ചാൽ ഏറെനാൾ കാത്തിരിക്കണം. അപ്പോൾ വേറൊരു ശ്രമം നടത്തിയാലോ എന്നായി ആലോചന. ആദ്യഘട്ടം വിജയം. വികസനം ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് കല്ലറയിലെ പെരുന്തുരുത്തിൽ.
പോളയും പായലും മാലിന്യവും നിറഞ്ഞ കല്ലറ പെരുന്തുരുത്ത് തോടാണ് നാട്ടുകാരുടെ സഹായത്തോടെ വൃത്തിയാക്കുന്നത്. പെരുന്തുരുത്ത് പാലം മുതൽ കല്ലുകടവ് വരെയുള്ള അരകിലോമീറ്ററാണ് ആദ്യഘട്ടത്തിൽ വൃത്തിയാക്കി തെളിനീർതോടാക്കി മാറ്റിയത്. ബാക്കി ഭാഗവും ഇത്തരത്തിൽ തെളിച്ചെടുത്താലെ പദ്ധതി പൂർണലക്ഷ്യത്തിലെത്തൂ. കല്ലറ പഞ്ചായത്തംഗം കെ.എൻ. വേണുഗോപാലാണ് തോട് വൃത്തിയാക്കുന്നതിനായി രംഗത്തിറങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ മിനി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരും പിന്തുണയുമായി ഒപ്പമെത്തി. യന്ത്രം ഉപയോഗിച്ച് തോട്ടിൽനിന്ന് വാരിയെടുത്ത പോളയും പായലും സമീപത്തെ ചിറയിൽ തള്ളി. ബാക്കിയുള്ളവ തോടിന്റെ വശങ്ങളിലും കയറ്റിവെച്ചു. ഇവ മരുന്ന് അടിച്ചു നശിപ്പിക്കും. വല സ്ഥാപിച്ച് പോളയും പായലും വാരിയ ഭാഗങ്ങളിലേക്ക് ഇവ വീണ്ടും കടന്നുവരാതിരിക്കാൻ നടപടിയെടുക്കും. വരും ദിവസങ്ങളിൽ ഇവിടന്ന് പറവന്തുരുത്ത് പാലം വരെയുള്ള തോടിന്റെ പ്രദേശവും വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കെ.എൻ. വേണുഗോപാൽ പറഞ്ഞു.
തോടിനോട് ചേർന്നുള്ള റോഡും പരിസരവും വൃത്തിയാക്കും. തോടിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്ന പണികളും നടക്കുന്നുണ്ട്. ഇവിടെ മണ്ണിട്ട് നികത്തിയെടുക്കുന്നതോടെ കൂടുതൽ വീതിലഭിക്കും. ഈ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തി നാലുമണിക്കാറ്റ് പോലെ പ്രകൃതിരമണീയമായ പ്രദേശമാക്കി മാറ്റിയെടുക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
തറയിൽ കൊരുപ്പുകട്ടകൾ സ്ഥാപിക്കും. ചെടികൾ നട്ട് മനോഹരമാക്കും. തോടിന്റെ വശങ്ങളിലിരുന്ന് കാറ്റ് കൊള്ളുന്നതിനും വിശ്രമിക്കുന്നതിനുമായി ചാരുബെഞ്ചുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. കൂടാതെ തോട്ടിൽ ആളുകൾക്ക് സവാരി നടത്തുന്നതിനായി കുട്ടവഞ്ചികൾ, ചെറിയ ബോട്ട് ഉൾപ്പെടെയുള്ളവയും ക്രമീകരിക്കും. പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി പദ്ധതി തയ്യാറാക്കുന്നതിന് ഏജൻസികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ടൂറിസംവകുപ്പ് മന്ത്രിയെ പഞ്ചായത്ത് ഭരണസമിതി സമീപിച്ച് ടൂറിസം വികസനത്തിനായി സഹായംതേടാനാണ് തീരുമാനം.