കാഞ്ഞിരപ്പള്ളി-മണിമല റോഡ് നിർമാണം; അതിവേഗം തീർക്കാൻ അധികൃതർ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-മണിമല-കൂളത്തൂർമൂഴി കർഷകസഹൃദ ലിങ്ക് റോഡിന്റെ ആദ്യ റീച്ചായ കാഞ്ഞിരപ്പള്ളി -മണിമല റോഡിൽ 26 കലുങ്കുകളുടെ നിർമാണം പൂർത്തിയായി. കാഞ്ഞിരപ്പള്ളിക്ക് സമീപത്തേയും മണ്ണാറക്കയത്തെയും കലുങ്കിന്റെയും ഏതാനും പണികൾ കൂടി മാത്രമാണ് ബാക്കി. അരിക് ഭിത്തിയുടെ നിർമാണം കൂടി പൂർത്തിയാക്കണം.

ഈ പാതയിലെ എല്ലാ കലുങ്കുകളും ഗതാഗതയോഗ്യമാക്കുന്ന രീതിയിൽ കലുങ്കുകളുടെ നിർമാണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. നിലവിൽ മണ്ണനാനി ഭാഗം മുതൽ കാരയ്ക്കാമറ്റം വരെയുള്ള ഭാഗത്ത് ബി.എം. നിലവാരത്തിലുള്ള ടാറിങ് പൂർത്തിയായി.

മൂന്നാം മൈൽ വരെയുള്ള ഭാഗത്ത് ടാറിങ് നടത്തുന്നതിനുള്ള മെറ്റൽ വിരിക്കുന്നതും പൂർത്തിയായി. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് മണ്ണംപ്ലാവ് വരെയുള്ള ടാറിങ് പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മണ്ണാറക്കയത്ത് തുറന്നില്ല

മണ്ണാറക്കയം ക്ഷേത്രത്തിന് സമീപത്തെ കലുങ്കിലൂടെയുള്ള ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. അന്തിമ ജോലികൾ പൂർത്തിയാക്കി ശനിയാഴ്ച ഗാതഗതയോഗ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. റോണി കെ.ബേബി എം.എൽ.എ. വെള്ളിയാഴ്ച മണ്ണാറക്കയത്ത് റോഡ് തുറന്ന് നൽകുമെന്ന് അറിയിച്ചിരുന്നു. റോഡിലെ കലുങ്കുമായി ചേരുന്ന ഭാഗത്ത് മണ്ണിട്ട് നികത്തിയാൽ മാത്രമേ ഗതാഗതയോഗ്യമാകുകയുള്ളു. കലുങ്കിന്റെ സംരക്ഷണഭിത്തിയുടെ നിർമാണവും നടത്തിയിട്ടില്ല.

പൊടിശല്യം

കാഞ്ഞിരപ്പള്ളി-കുരിശുങ്കൽ മുതൽ പൊളിച്ചിട്ടിരിക്കുന്ന ഭാഗത്ത് പൊടിശല്യം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഇരുചക്രവാഹനയാത്രക്കാരെയും ബസ് അടക്കമുള്ള തുറന്ന വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.

പകൽ സമയങ്ങളിൽ കനത്ത ചൂടിനൊപ്പം പൊടികൂടി ഉയരുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ബൈപ്പാസ് മേൽപ്പാല നിർമാണം നടക്കുന്ന സ്ഥലത്താണ് കൂടുതൽ പൊടി ഉയരുന്നത്. പൊടിശല്യം കൂടുതലുള്ള സമയങ്ങളിൽ വെള്ളം ഒഴിച്ച് പൊടി ഒഴിവാക്കുവാൻ നടപടിവേണമെന്നാണ് ആവശ്യമുയരുന്നത്.